karni-

എസ്.സി - എസ്.ടി അതിക്രമം തടയൽ നിയമത്തിലെ സുപ്രീംകോടതി വിധിക്കെതിരെയും തുടർന്ന് കേന്ദ്രം പാർലമെൻറിൽ കൊണ്ടുവന്ന ഭേദഗതിക്കെതിരെയും വ്യാപക പ്രതിഷേധമുണ്ടായ സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ദളിത് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ഭേദഗതി സംവരണവിരുദ്ധരായ സവർണ വിഭാഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചിരുന്നു.

ബി.ജെ.പി ശക്തമായ മാൾവ മേഖലയിലെ ഉജ്ജയിൻ, രത്‌ലം, മന്ദേസർ എന്നിവിടങ്ങളിൽ രജപുത്രരും മറ്റ് സവർണ സമുദായങ്ങളും പരസ്യമായി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിൽ പകരം ചോദിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

എന്നാൽ തിരഞ്ഞെടുപ്പ് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മാത്രമാണ്. ചെറുകക്ഷികൾക്ക് സാദ്ധ്യത കാണാനില്ല.

ആളനക്കമില്ലാതെ സപെക്‌സ്

രണ്ടാംനിലയിലുള്ള ഒരു ഓഫീസ്. വെയിലടിക്കാതിരിക്കാൻ മറച്ചുകെട്ടിയ പോലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസെന്ന ഫ്ലക്സുണ്ട്. ആളില്ല. ആരവവുമില്ല. ഉള്ള രണ്ടുപേർ ഉറങ്ങുന്നു. ബി.ജെ.പിയോട് പ്രതിഷേധിച്ച് സവർണ പിന്തുണയോടെ രൂപീകരിക്കപ്പെട്ട സപെക്‌സിന്റെ തിരഞ്ഞെടുപ്പ് ഓഫീസാണിത്. ചിഹ്നം ഊഞ്ഞാലാണ്.! തൊട്ടടുത്ത് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ബി.ജെ.പി വിമത സ്ഥാനാർത്ഥിയുടെയും ഓഫീസിൽ മോശമല്ലാത്ത ആളനക്കമുണ്ട്.

ഈ പാർട്ടി ബി.ജെ.പി വോട്ടുകൾ പിടിക്കുമെന്നാണ് പറയുന്നതെങ്കിലും പ്രതിഷേധചൂട് കാണാനില്ല. സ്വന്തമായി 130 സ്ഥാനാർത്ഥികളുണ്ട്. കോൺഗ്രസ്, ബി.ജെ.പി വിമതരെ പിന്തുണയ്‌ക്കുന്നുമുണ്ട്. സവർണരുടെ അതൃപ്തി ബി.ജെ.പി വിരുദ്ധ വോട്ടായി കോൺഗ്രസിന് പോകാതിരിക്കാൻ ആർ.എസ്.എസാണ് സപെക്‌സ് പാർട്ടിക്ക് പിന്നിലെന്നും കേട്ടു.

ഗെഹ്‌ലോട്ടിന്റെ മകനെതിരെ കർണിസേന

എസ്.സി എസ്.ടി അതിക്രമം തടയൽ നിയമ ഭേദഗതി കൊണ്ടുവന്ന കേന്ദ്രത്തിനെതിരെ രാഷ്ട്രീയ രജപുത് കർണിസേന പ്രതിഷേധം തുടരുകയാണ്. സ്വന്തമായി സ്ഥാനാർത്ഥി ഇല്ലെ. മോദി മന്ത്രിസഭയിലെ ദളിത് മുഖമായ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ മകൻ

സിറ്റിംഗ് എം.എൽ.എ ജിതേന്ദ്ര ഗെഹ്‌ലോട്ടിനെ അലോട്ട് മണ്ഡലത്തിൽ തോൽപ്പിക്കുമെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും കർണിസേന ഉജ്ജയിൻ ജില്ല പ്രഭാരി കേരളകൗമുദിയോട് പറഞ്ഞു.

രജപുത്രർക്ക് ഇവിടെ സ്വാധീനമുണ്ട്. താവർചന്ദ് ഗെഹ്‌ലോട്ട് രജപുത്രരെ തണുപ്പിക്കാൻ യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വരെ രംഗത്തിറക്കി.

കോൺഗ്രസിന് ആശ്വാസമായി ജെയ്സ്

രാജ്യത്ത് ഏറ്റവും കൂടുതൽ പട്ടികവർഗക്കാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് മദ്ധ്യപ്രദേശ്. നേരത്തെ ഇവർ കോൺഗ്രസിനൊപ്പമായിരുന്നു. വനവാസി കല്യാൺ പരിഷത്ത് എന്ന പേരിൽ ആർ.എസ്.എസ് ഇവിടെ സ്വാധീനമുറപ്പിച്ചു. ഗോത്രദൈവങ്ങളെ മാറ്റി രാമനെയും ഹനുമാനെയും പ്രതിഷ്ഠിച്ച് ആർ.എസ്.എസ് ഹൈന്ദവത്കരണം നടത്തുന്നു എന്ന വിമർശനവും ശക്തമായിരുന്നു.

ഇതിനിടെ രൂപീകരിക്കപ്പെട്ട ആദിവാസി യുവസംഗഠനുമായി (ജെയ്സ് ) ഒരു സീറ്റിലെങ്കിലും സഖ്യമുണ്ടാക്കി. ജെയ്സ് അദ്ധ്യക്ഷൻ ഡോ.ഹീരലാൽ ആൽവയെ മൻവാർ മണ്ഡലത്തിലാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ഡൽഹി എയിംസിലെ ഡോക്ടറായിരുന്ന ആൽവ രാജിവച്ചാണ് ജെയ്സ് സംഘടനയുണ്ടാക്കി ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നത്. കോളേജ് യൂണിയനുകളിൽ വിജയം നേടി ആദിവാസി യുവജനങ്ങൾക്കിടയിൽ ജെയ്സ് ശക്തമായി.