ക്ഷേത്രനിർമ്മാണ തീയതി കുംഭമേളയിൽ പ്രഖ്യാപിക്കും
വക്കഫ് ബോർഡ് പിന്മാറണം
ന്യൂഡൽഹി: അയോദ്ധ്യയിലെ രാജന്മഭൂമി ആർക്കും വിഭജിച്ച് കൊടുക്കില്ലെന്നും തർക്കമുള്ള 2.77 ഏക്കർ സ്ഥലവും രാമക്ഷേത്ര നിർമ്മാണത്തിനായി വേണമെന്നും വിശ്വഹിന്ദു പരിഷത്ത് അയോദ്ധ്യയിൽ സംഘടിപ്പിച്ച വിരാട ധർമ്മസഭ പ്രഖ്യാപിച്ചു. തർക്ക സ്ഥലത്തിനു വേണ്ടിയുള്ള കേസിൽ നിന്ന് സുന്നി വഖഫ് ബോർഡ് പിൻമാറണമെന്നും രണ്ടര ലക്ഷത്തിൽപരം പ്രവർത്തകർ പങ്കെടുത്ത മഹാസമ്മേളനം ആവശ്യപ്പെട്ടു.
തർക്കസ്ഥലം മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണിക്കവേയാണ് സ്ഥലം വിഭജിക്കാനാവില്ലെന്ന ധർമ്മസഭയുടെ പ്രഖ്യാപനം.
അതേസമയം, രാമക്ഷേത്രം നിർമ്മിക്കാനുള്ള തീയതി അടുത്ത വർഷം ആദ്യം പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പ്രഖ്യാപിക്കുമെന്ന് നിർമോഹി അഖാഡ നേതാവ് രാംജി ദാസ് ധർമ്മസഭയിൽ പ്രഖ്യാപിച്ചു. ഡിസംബർ 11ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി ക്ഷേത്രനിർമ്മാണത്തിനുള്ള തീരുമാനം എടുക്കുമെന്ന് ഒരു കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായി മതനേതാവ് രാം ഭദ്രാചാര്യയും പ്രഖ്യാപിച്ചു.
ക്ഷേത്രനിർമ്മാണത്തിനായി ഉടൻ ഒാർഡിനൻസ് കൊണ്ടുവരണം. ഇല്ലെങ്കിൽ ആരുടെയും അനുമതി കാക്കാതെ ക്ഷേത്ര നിർമ്മാണം ആരംഭിക്കും. തർക്കസ്ഥലത്ത് മറ്റു മതസ്ഥരുടെ ആരാധന അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
ക്ഷേത്രനിർമ്മാണത്തിന് പിന്തുണ പ്രഖ്യാപിച്ച് അയോദ്ധ്യയിൽ എത്തിയ ശിവസേന നേതാവ് ഉദ്ധവ് താക്കറെ സമ്മേളനത്തിൽ പങ്കെടുത്തില്ല.എന്നാൽ ഒാർഡിനൻസ് വൈകുന്നതിന് കേന്ദ്രസർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തി.
തർക്കസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ ബഡാ ഭക്തമാൽ പരിക്രമ മാർഗ്ഗിലെ മൈതാനിയിൽ സംഘടിപ്പിച്ച ധർമ്മസഭയിൽ ഉത്തർപ്രദേശിലെ 50 ജില്ലകളിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകർ എത്തി. അയോദ്ധ്യയെ കാവിക്കടലാക്കിയ ധർമ്മസഭയിൽ പ്രമുഖ സന്യാസിമാരും ബിജെപി നേതാക്കളും യു.പി മന്ത്രിമാരും എം.പിമാരും എം. എൽ. എമാരും പങ്കെടുത്തു. 1992ന് ശേഷം ആദ്യമാണ് അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വലിയ സമ്മേളനം നടക്കുന്നത്.
പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബാബറി മസ്‌ജിദ് തകർത്തതിന്റെ 26-ാം വാർഷികത്തിന് ദിവസങ്ങൾക്കു മുമ്പുള്ള സമ്മേളനത്തിന് രാഷ്‌ട്രീയ മാനങ്ങളും ഏറെയാണ്. വി.എച്ച്.പിയും ആർ.എസ്.എസും നാഗ്‌പൂരിൽ അടക്കം സമാനമായ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഡിസംബർ 9ന് ഡൽഹിയിൽ വി.എച്ച്.പി സന്യാസിമാരുടെ മാർച്ച് നടത്തും.
അയോദ്ധ്യയും പരിസരവും ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. സുരക്ഷാഭീതിയിൽ അയോദ്ധ്യയിലെ അന്യമതസ്ഥർ ഒഴിഞ്ഞു പോയതായി റിപ്പോർട്ടുണ്ട്.