yashodra-raje-scindia

ഭോപ്പാൽ: രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന ഗ്വാളിയോറിലെ സിന്ധ്യ രാജകുടുംബത്തിന് നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പാണ് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും നടക്കുന്നത്. ബി.ജെ.പി നേതാക്കളായ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ രാജസ്ഥാനിൽ മത്സരിക്കുമ്പോൾ കുടുംബത്തിലെ മറ്റുള്ളവർ മദ്ധ്യപ്രദേശിലാണ് നിറഞ്ഞുനിൽക്കുന്നത്. വസുന്ധരയുടെ സഹോദരിയാണ് മദ്ധ്യപ്രദേശ് വ്യവസായ തൊഴിൽ മന്ത്രി യശോധരരാജ സിന്ധ്യ. അവർ ശിവ്‌പുരിയിൽ വീണ്ടും ജനവിധി തേടുന്നു. ഇവരുടെ സഹോദരൻ അന്തരിച്ച കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷനായ ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജ്യോതിരാദിത്യ സിന്ധ്യയുടെ പേര് ഉയർന്നുകേൾക്കുന്നു. ശിവ്‌പുരി നിയമസഭാമണ്ഡലമുൾപ്പെടുന്ന ഗുണയിൽ നിന്നുള്ള എം.പി കൂടിയാണ് ജ്യോതിരാദിത്യ സിന്ധ്യ.

കഴിഞ്ഞതവണ എഴുപതിനായിരത്തോളം വോട്ടുകൾക്കാണ് യശോധര ശിവ്പുരിയിൽ ജയിച്ചത്.

കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും മണ്ഡലത്തിലെ പ്രചാരണ ബോർഡുകളിൽ സിന്ധ്യ കുടുംബം മാത്രം. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഫ്ലക്സുകളിൽ രാഹുലിനും കമൽനാഥിനും ചെറുസ്ഥാനം. അണികൾ യുവരാജ സിന്ധ്യയെന്ന് വിളിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയാണ് ഇവിടെ കോൺഗ്രസ്.

യശോധരയുടെ പ്രചാരണ ബോർഡുകളിൽ സഹോദരി വസുന്ധര രാജയും അമ്മ അന്തരിച്ച രാജമാതാ വിജയരാജ സിന്ധ്യയും മോദിയും ചൗഹാനും പ്രധാനമുഖം.

ശിവ്പുരിയിലെ ഒരു ഗ്രാമത്തിൽ യശോധരയുടെ തിര‌ഞ്ഞെടുപ്പ് പ്രചരണം നടക്കുകയാണ്. രാജപ്രൗഢിയൊന്നും കാണാനില്ലാത്ത ഗ്രാമീണ റോഡുകളും സാഹചര്യങ്ങളുമാണ് മണ്ഡലത്തിൽ. ഹെലികോപ്ടറിൽ പ്രചാരണത്തിന് വന്നിറങ്ങുന്ന യശോധര തൊട്ടടുത്ത കേന്ദ്രങ്ങളിലെല്ലാം കാറിലെത്തി അണികളെ മുഖം കാണിക്കുന്നു.

ഒരു പെട്രോൾ പമ്പിലാണ് അവർക്ക് സ്വീകരണം. ട്രാക്ടറുകളിലും ബൈക്കുകളിലുമായി അണികൾ അകമ്പടി സേവിച്ചു. ചെറിയ ആൾക്കൂട്ടം കാത്തിരിക്കുന്നു. കാറിലെത്തി പമ്പിലേക്ക് കടക്കും മുൻപ് ചോദിച്ചു.

' എങ്ങനെയുണ്ട് തിരഞ്ഞെടുപ്പ്?

നിങ്ങൾ പറയൂ.. എന്ന് മറുപടി.

നേരെ പമ്പിലേക്ക്. നേതാക്കളെ രണ്ടു മിനിട്ടോളം കണ്ടു. അണികളിൽ ചിലർ ' രാജപാദങ്ങളിൽ' വീണ് അനുഗ്രഹം വാങ്ങി. കറുത്ത കണ്ണടയും തിളങ്ങുന്ന സാരിയും ധരിച്ച് ഗ്രാമത്തിലെ ' റാണി'യായി അവർ അടുത്ത പ്രചാരണ സ്ഥലത്തേക്കുപോയി.

വഴിയരികിൽ കണ്ട യുവാവിനോട് തിരഞ്ഞെടുപ്പിനെകുറിച്ച് ചോദിച്ചു. '' ജയിച്ചില്ലെങ്കിൽ യശോധരമാതാ അമേരിക്കയ്ക്ക് " പോകുമെന്ന് യുവാവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. യുവരാജ സിന്ധ്യ സംസ്ഥാനം ഭരിക്കുമെന്ന് തുറന്നു പറയാനും അയാൾ മടികാട്ടിയില്ല.

ലണ്ടനിൽ ജനിച്ച യശോധര മദ്ധ്യപ്രദേശിൽ മടങ്ങിയെത്തിയ ശേഷം 1994ലാണ് രാഷ്ട്രീയത്തിൽ സജീവമായത്. 1998ൽ ബി.ജെ.പി ടിക്കറ്റിൽ വിജയം. 2003ൽ വീണ്ടും ജയം. 2007ൽ ഗ്വാളിയോർ എം.പിയായി.
2013ൽ ശിവ്‌പുരിയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക്.

മദ്ധ്യപ്രദേശിൽ പ്രചാരണം

കഴിഞ്ഞു, 28ന് ജനവിധി

................................................

ഭോപ്പാൽ:രാജ്യം ഉറ്റുനോക്കുന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചു. 230 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ് നടക്കും. മുഴുവൻ സീറ്റിലും ബി.ജെ.പി മത്സരിക്കുന്നുണ്ട്. കോൺഗ്രസ് ഒരു സീറ്റൊഴിച്ച് എല്ലാ സീറ്റിലും മത്സരിക്കുന്നു.

ഇൻഡോറിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി. ധാറിൽ പൊതുപരിപാടിയിലും അമിത് ഷാ പങ്കെടുത്തു. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ബി. ജെ.പിയെ വീണ്ടും അധികാരത്തിലേറ്റാമെന്ന വിശ്വസത്തിലാണ്. കോൺഗ്രസിന് നേതൃത്വം കൊടുക്കുന്ന കമൽനാഥ്,ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിംഗ് തുടങ്ങിയവർ അധികാരം തിരിച്ചു പിടിക്കാനും തന്ത്രങ്ങൾ മെനയുന്നു.

ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ശക്തമായ മത്സരം. സമാജ്‌വാദി പാർട്ടി (എസ്.പി), ബഹുജൻ സമാജ്‌വാദി പാർട്ടി ( ബി.എസ്.പി), സപെക്സ്, ജെയ്സ്, ഇടത് പാർട്ടികൾ തുടങ്ങിയവയും മത്സരരംഗത്തുണ്ട്.

2013ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 165 സീറ്റുകളിൽ വിജയിച്ചിരുന്നു. കോൺഗ്രസിന് 58 സീറ്റുകൾ കിട്ടി. നാലു സീറ്റ് ബി. എസ്. പി നേടി.