ന്യൂഡൽഹി: രണ്ടാം ക്ളാസുവരെ കുട്ടികൾ ഭാഷയും ഗണിതവും മാത്രം പഠിപ്പിച്ചാൽ മതിയെന്നും ഹോം വർക്ക് നൽകാൻ പാടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശം നൽകി. പത്താം ക്ളാസ് വരെ സ്‌കൂൾ ബാഗുകളുടെ ഭാരം നിശ്‌ചിത അളവിൽ കൂടാനും പാടില്ല.
നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിച്ച് നടപ്പാക്കാനും പുതിയ മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാനും കേന്ദ്ര ഡയറക്ടറേറ്റ് ഒഫ് എഡ്യൂക്കേഷൻ നവംബർ 14ന് സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നും രണ്ടും ക്ലാസുകളിൽ ഇനി ഭാഷയും കണക്കും മാത്രമേ പഠിപ്പിക്കാവൂ. മൂന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഭാഷയ്‌ക്കും കണക്കിനും പുറമേ എൻ.സി.ആർ.ടി നിർദ്ദേശ പ്രകാരമുള്ള പരിസ്ഥിതി ശാസ്ത്രം കൂടുതലായി ഉൾപ്പെടുത്താം.
ചുമന്ന് വലയേണ്ട
മദ്രാസ് ഹൈക്കോടതിയുടെ മേയ് 29ന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കൂടുതൽ പുസ്തകങ്ങൾ കൊണ്ടുവരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടരുതെന്ന വിധി നടപ്പാക്കുമെന്ന് ജൂണിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചിരുന്നു. തുടർന്ന് ആഗസ്‌റ്റിൽ സി.ബി.എസ്.ഇ സർക്കുലർ ഇറക്കി. നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മിന്നൽ പരിശോധനയ്ക്കും കോടതി നിർദ്ദേശം നൽകിയിരുന്നു. ബാഗിന്റെ ഭാരം നിയന്ത്രിക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടി തുടങ്ങിയിട്ടുണ്ട്. പുതിയ ഉത്തരവിൽ ഇതുകൂടി ഉൾപ്പെടുത്തിയത് രാജ്യത്തുടനീളം ഉടൻ നടപ്പാക്കാനാണ്.
സ്‌കൂൾ ബാഗിന്റെ ഭാരം
ഒന്ന്, രണ്ട് ക്ലാസ് : ഒന്നര കിലോ
മൂന്ന്, നാല്, അഞ്ച് : 2- 3 കിലോ
ആറ്, ഏഴ് ക്ലാസ്: 4 കിലോ
എട്ട്, ഒമ്പത് ക്ലാസ്: 4.5 കിലോ
പത്താം ക്ലാസ്: 5 കിലോ