sabarimala

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനങ്ങളും മറ്റും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഈയാഴ്‌ച തന്നെ ഹർജി നൽകിയേക്കും.

പുന:പരിശോധനാ ഹർജികൾ കോടതി അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് യുവതീപ്രവേശന വിധി നടപ്പാക്കാൻ എന്തു തുടർ നടപടി സ്വകരിക്കണമെന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ കോടതിയോട് അഭ്യർത്ഥിക്കുന്നത്. വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നതും പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി പരാമർശിച്ചതും വിശദീകരിക്കും. ചില സംഘടനകൾ വിധി നടപ്പാക്കുന്നത് തടയാൻ ശ്രമിക്കുന്നതും ഹർജിയിൽ ചൂണ്ടിക്കാട്ടും. ഡൽഹിയിൽ സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയിരുന്നു.ഇതിൽ നിന്നു വ്യത്യസ്തമായി ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയും സുപ്രീം കോടതിയിലുണ്ട്.