chidambaram

ന്യൂഡൽഹി: എയർസെൽ മാക്‌സിസ് കേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് രാജ്യസഭാംഗവുമായ പി.ചിദംബരത്തിനെ പ്രൊസീക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി പട്യാലാ കോടതി സി.ബി.ഐയെ അറിയിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതികളായ ചിദംബരവും മകൻ കാർത്തി ചിദംബരവും വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ നിറുത്തലാക്കിയതിന് തെളിവു ലഭിച്ചെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞു. ഇരുവരെയും 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കേസിൽ പ്രതികളായ മറ്റ് അഞ്ചുപേർക്കെതിരെ നടപടിക്ക് അനുമതി തേടാൻ കോടതി കൂടുതൽ സമയം അനുവദിച്ചു. കേസ് ഡിസംബർ 18നു വീണ്ടും പരിഗണിക്കും.

വിദേശത്തെ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചും പണത്തിന്റെ ഉറവിടം സംബന്ധിച്ചും ചിദംബരം തെറ്റിദ്ധരിപ്പിച്ചതായി എൻഫോഴ്സ്‌ ഡയറക്‌ടറേറ്റിനെ ഉദ്ധരിച്ച് സി.ബി.ഐ അഭിഭാഷകൻ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത കോടതിയിൽ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച ശേഷം വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ നിറുത്തലാക്കിയതിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ചിദംബരത്തെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. ചിദംബരവും മകനും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റിൽ നിന്നുള്ള സംരക്ഷണം നീട്ടണമെന്നും ഇരുവർക്കും വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.

കേസ് ഇങ്ങനെ

എയർസെൽ - മാക്സിസ് കമ്പനിയിലേക്ക് വിദേശനിക്ഷേപത്തിന് 2006ൽ ധനമന്ത്രിയായിരിക്കെ ചിദംബരം നിയമവിരുദ്ധമായി വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയെന്നാണ് കേസ്. 600 കോടി രൂപയ്‌ക്കു മുകളിലുള്ള നിക്ഷേപത്തിന് കാബിനറ്റിന്റെ സാമ്പത്തിക കാര്യ കമ്മിറ്റിയുടെ അനുമതി തേടണമെന്ന ചട്ടം ലംഘിച്ചു. ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ആൻഡ് സർവീസസ് ഹോൾഡിംഗ്സ് ലിമിറ്റഡ് 800 ദശലക്ഷം ഡോളർ ( 3,560 കോടി ) നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്.180 കോടി എന്ന് തെറ്റായി കാണിച്ചായിരുന്നു ഇടപാട്.
നിയമവിരുദ്ധ അനുമതിക്ക് കൈക്കൂലിയായി മകൻ കാർത്തിയുമായി ബന്ധമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമറ്റിഡ് (എ.എസ്.സി.എൽ), ചെസ് മാനേജ്മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് പണം ലഭിച്ചെന്നും എൻഫോഴ്സ്‌മെന്റ് പറയുന്നു.