ന്യൂഡൽഹി: ഹൈക്കോടതി അയോഗ്യനാക്കിയ മുസ്ളിംലീഗ് എം.എൽ.എ കെ.എം. ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കുന്നതിനും രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതിനും സുപ്രീംകോടതി അനുമതി നൽകി. എന്നാൽ വോട്ടവകാശമില്ലെന്നും ശമ്പളമുൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ലെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഷാജി നൽകിയ അപ്പീൽ ജനുവരി അവസാന ആഴ്ച പരിഗണിക്കും. ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല.

ഷാജി 24 മുതൽ നിയമസഭാംഗമല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി അറിയിപ്പ് ഇറക്കിയിരുന്നു. വിധി സ്റ്റേ ചെയ്തതിനാൽ ഈ അറിയിപ്പ് റദ്ദാകുമെന്നും മറ്റൊരു അറിയിപ്പ് ഇറക്കേണ്ടതില്ലെന്നും നിയമവിദഗ്ദ്ധർ പറഞ്ഞു.

വർഗീയ പ്രചാരണവും തിരഞ്ഞെടുപ്പിലെ ക്രമക്കേടും ആരോപിച്ച് അഴീക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിൽ നവംബർ 9നാണ് കെ.എം. ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി വന്നത്. ഈ വിധിക്കെതിരെ ഷാജി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എം.എൽ.എയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി പൂർണമായും സ്റ്റേ ചെയ്യണമെന്നും ഷാജിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇതിനെ നികേഷ് കുമാറിന്റെ അഭിഭാഷകൻ വി. ഗിരി എതിർത്തു.

നിയമസഭയിൽ പോകും: ഷാജി


സ്റ്റേയിലല്ല, ഹൈക്കോടതിയുടെ തീരുമാനം പരിശോധനയ്ക്ക് സുപ്രീംകോടതി എടുത്തു എന്നതാണ് പ്രധാനം. അതിലാണ് അതിരറ്റ സന്തോഷം.
നികേഷ് കുമാർ ഈ കേസ് തീർന്നുവെന്ന് കരുതുന്നുണ്ടെങ്കിൽ ‌ഞങ്ങൾ ഇത് തുടങ്ങുകയാണ്. ഒരു നോട്ടീസിന്റെ ബലത്തിലാണ് കേസ് വന്നത്. ആ നോട്ടീസ് ഞാനല്ല ഇറക്കിയതെന്ന് എനിക്ക് ഉറപ്പുണ്ട്.

--കെ.എം. ഷാജി ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്.