ന്യൂഡൽഹി: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും സി.എൻ.എൻ ന്യൂസ് 18 ടിവി ചാനൽ മാനേജിംഗ് എഡിറ്ററുമായ ആർ. രാധാകൃഷ്ണൻ നായർ (54) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം പട്ടം സ്വദേശിയാണ്. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 90കളിലാണ് മാദ്ധ്യമ പ്രവർത്തനം തുടങ്ങിയത്. യു.എൻ.ഐയിലൂടെ തുടക്കമിട്ട രാധാകൃഷ്‌ണൻ പിന്നീട് ടെലിവിഷൻ ജേർണലിസത്തിലേക്ക് ചുവടു മാറ്റി. പിന്നീട് സി.എൻ.എൻ ന്യൂസ് 18ന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി. നാലു വർഷമായി മാനേജിംഗ് എഡിറ്ററാണ്.
ഗാസിയാബാദ്, ഇന്ദിരാപുരത്തെ വസതിയിലും ഡൽഹി കേരളാഹൗസിലും പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ രാഷ്‌ട്രീയ, സാമൂഹിക, മാദ്ധ്യമ മേഖലകളിലെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം ഉച്ചയ്‌ക്ക് 2.30 വരെ പട്ടം പൊട്ടക്കുഴിയിലെ വീട്ടിലും തുടർന്ന് വൈകിട്ട് മൂന്നരവരെ പ്രസ് ക്ളബിലും പൊതുദർശനത്തിനു വയ്‌ക്കും. നാലു മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
ഭാര്യ ജോതി നായർ (ഡൽഹിയിൽ ആദായനികുതി വകുപ്പ് ഓഫീസർ), മക്കൾ: കാർത്തിക, കീർത്തന. പിതാവ്: രമേശൻ നായർ, മാതാവ്: സുശീല ദേവി.
കേന്ദ്രമന്ത്രിമാരായ അരുൺ ജയ്‌റ്റ്‌ലി, പ്രകാശ് ജാവദേക്കർ, സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എം.പി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.