rk-wih-family
രാധാകൃഷ്‌ണൻ നായർ ഭാര്യ ജ്യോതി മക്കളായ കാർത്തിക, കീർത്തന എന്നിവർക്കൊപ്പം

ന്യൂഡൽഹി: കാൽനൂറ്റാണ്ടിലേറെ ഡൽഹിയുടെ സ്‌പന്ദനങ്ങളെ തൊട്ടറിഞ്ഞ മാദ്ധ്യമ പ്രവർത്തനവും മുൻ നിര ദേശീയ ടെലിവിഷൻ ചാനലിന്റെ തലപ്പത്ത് മലയാളികളുടെ അഭിമാനവുമായി മാറിയ വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച ആർ.കെ എന്ന ആർ. രാധാകൃഷ്‌ണൻ നായർ. ടെലിവിഷൻ സ്‌ക്രീനിൽ മുഖം കാണിക്കാതെ പിന്നിലിരുന്ന് കാര്യങ്ങൾ നിയന്ത്രിച്ച് പ്രശസ്‌തനായ മാദ്ധ്യമ പ്രവർത്തകൻ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം.

തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് ജർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം യു.എൻ.ഐ വാർത്താ ഏജൻസിയിലൂടെയാണ് മാദ്ധ്യമ പ്രവർത്തനം തുടങ്ങിയത്. തിരുവനന്തപുരത്ത് പരിശീലന സമയത്ത് മികവു കാട്ടിയ ആർ.കെയ്ക്ക് ഡൽഹി യു.എൻ.ഐയിൽ നിയമനം ലഭിച്ചു. സാറ്റലൈറ്റ് ടെലിവിഷൻ വിപ്ളവം നടന്ന 90കളിൽ ടിവി ജർണലിസത്തിലേക്ക് ചുവടുമാറ്റാനുള്ള തീരുമാനം നിർണായകമായി. ടിവി 18 ചാനലിലും സി.എൻ.ബി.സി ബിസിനസ്ചാനലിലുമായിരുന്നു തുടക്കം. ബിസിനസ് വാർത്തകൾ ആകർഷകമാക്കാൻ ശ്രമിച്ച ആർ.കെ ഒാഹരികളുടെ വിവരം തൽസമയം നൽകുന്ന രീതി ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചു. .

രണ്ട് ദശാബ്‌ദത്തിൽ കൂടുതൽ ടെലിവിഷൻ മാദ്ധ്യമ രംഗത്ത് സജീവമായിട്ടും സി.എൻ.എൻ ന്യൂസ് 18 ചാനലിന്റെ എംഡി സ്ഥാനം വരെ അലങ്കരിച്ചിട്ടും ആർ.കെ ടെലിവിഷൻ സ്‌ക്രീനിൽ അധികമൊന്നും പ്രത്യക്ഷപ്പെട്ടില്ല. സ്‌ക്രീനിലൂടെ പ്രശസ്‌തരായ സമകാലീനരെ അനുകരിക്കാതെ പിന്നിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്‌ടം. ഊണും ഉറക്കവും വെടിഞ്ഞ് ജോലി ചെയ്യുന്ന ആർ.കെയെ സഹപ്രവർത്തകർ അദ്‌ഭുതത്തോടെയാണ് അനുസ്‌മരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെ ആ.കെയുടെ ബന്ധങ്ങൾ വിപുലമായിരുന്നു. മുൻ നിര ദേശീയ ചാനലിന്റെ തലപ്പത്ത് എത്തിയ മലയാളി എന്ന അംഗീകാരവും ലഭിച്ചു. ദേശീയ രാഷ്‌ട്രീയത്തിലെ യുവ മാദ്ധ്യമ പ്രവർത്തകരുടെ സംശയങ്ങൾ തീർത്ത സ്വകാര്യ റഫറൻസ് ആയിരുന്നു. ഡൽഹിയിലെ എല്ലാ മലയാളി കൂട്ടായ്‌മകളിലും ആർ.കെയെ എത്തി.

വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ‌യ്‌ക്കു ശേഷം ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും ചികിത്സതേടി. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.