assembly-election

ന്യൂഡൽഹി: നിർണായക വിധിയെഴുത്തിനാണ് മദ്ധ്യപ്രദേശും മിസോറാമും ഇന്ന് ബൂത്തിലേക്ക് പോകുന്നത്. നാലാംവട്ടവും അധികാരത്തിലേറാനാകുമെന്ന ബി.ജെ.പി പ്രതീക്ഷ തകർത്ത് കോൺഗ്രസ് തിരിച്ചുവരുമോയെന്നതാണ് മദ്ധ്യപ്രദേശിൽ രാജ്യം ഉറ്റുനോക്കുന്നത്. അധികാരമുള്ള ഏക വടക്ക് കിഴക്കൻ സംസ്ഥാനം കോൺഗ്രസ് നിലനിറുത്തുമോയെന്നതാണ് മിസോറാമിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഡിസംബർ 11നാണ് വോട്ടെണ്ണൽ.

മദ്ധ്യപ്രദേശിനെ കാവിപുതപ്പിക്കാൻ ബി.ജെ.പി

230 സീറ്റുകളിലായി 2907 സ്ഥാനാർത്ഥികളാണ് മദ്ധ്യപ്രദേശിൽ മത്സരിക്കുന്നത്. 15 വർഷം നീണ്ട ബി.ജെ.പി ഭരണത്തിനെതിരെ ജനവികാരം മദ്ധ്യപ്രദേശിൽ ശക്തമാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടുള്ള ജനങ്ങൾക്ക് വലിയ എതിർപ്പില്ല എന്നതാണ് ബി.ജെ.പി പ്രതീക്ഷ. എന്നാൽ ഭരണവിരുദ്ധ വികാരം മുതലെടുക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.എസ്.പി,ബി.എസ്.പിതുടങ്ങിയവരുംമത്സരരംഗത്തുണ്ട്. സ്ഥാനാർത്ഥികളിൽ 656 പേരാണ് കോടിപതികൾ 464 പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. ഇതിൽ 295 പേർക്കെതിരെ കൊലപാതകം പോലുള്ള ഗുരുതര ക്രിമിനൽ കുറ്റമാണുള്ളത്.

2013ലെ കക്ഷിനില: ബി.ജെ.പി 165, കോൺഗ്രസ് 58, ബി.എസ്.പി 4, സ്വതന്ത്രർ 3

ക്രിമിനൽ കേസിലൾപ്പെട്ട സ്ഥാനാർത്ഥികളുടെ പാർട്ടി തിരിച്ചുള്ള എണ്ണം ഇങ്ങനെ: ബി.ജെ.പി - 65, കോൺഗ്രസ് 108, ആംആദ് മി - 43, ബി.എസ്.പി - 37.
കോടിപതികളുടെ എണ്ണം: ബി.ജെ.പി 179, 173 കോൺഗ്രസ്, ബി.എസ്.പി 38, എസ്.പ 17, എ.എ.പി 38.
സ്ഥാനാർത്ഥികളുടെ ശരാശരി ആസ്ഥി 1.73 കോടി രൂപയാണ്.

ഹാട്രിക് തേടി കോൺഗ്രസ് മിസോറാമിൽ

മിസോറമിൽ ജനപ്രിയ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലയിലൂടെ ഹാട്രിക് വിജയം തേടുന്ന കോൺഗ്രസ് വടക്കു കിഴക്കൻ മേഖലയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള പെടാപ്പാടിലാണ്. 2008ൽ മിസോ നാഷണൽ ഫ്രണ്ടിൽ (എം.എൻ.എഫ് ) നിന്ന് തിരിച്ചു പിടിച്ച അധികാരം 2013ലും കോൺഗ്രസ് നിലനിറുത്തി. പടലപ്പിണക്കങ്ങൾ, അഴിമതി ആരോപണങ്ങൾ, ഭരണവിരുദ്ധ വികാരം തുടങ്ങിയവ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്.മുഖ്യമന്ത്രിയുടെ അനുയായിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ആർ. ലാൽസിറിലിയാന, മറ്റൊരു മന്ത്രി ലാൽസിറിയാന സൈലോയ എന്നിവർ ഇപ്പോൾ എം.എൻ.എഫ് പാളയത്തിലാണ്.
കാര്യമായ വേരോട്ടമില്ലെങ്കിലും നല്ല മത്സരമുയർത്തി പ്രചാരണത്തിൽ ബി.ജെ.പിക്ക് സജീവമായിരുന്നു.

2013: ആകെ 40: കോൺഗ്രസ് 34, എം.എൻ.എഫ് 5, എം.പി.സി 1