kurian

ന്യൂഡൽഹി: ആയിരത്തിലധികം വിധികൾ പുറപ്പെടുവിച്ച റെക്കാർഡുമായി മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. അഞ്ചു വർഷം നീണ്ട സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. ഹിമാചൽ ഹൈക്കോടതി ചീഫ്ജസ്റ്റിസായിരിക്കെ 2013 മാർച്ച് എട്ടിനാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.
കൊച്ചി കാലടി സ്വദേശിയാണ്. തിരുവനന്തപുരം കേരള ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദം നേടി. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.1979ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി. 87ൽ ഗവൺമെന്റ് പ്ലീഡറായി. 94 -96 ൽ അഡിഷണൽ അഡ്വക്കറ്റ് ജനറൽ. 96ൽ മുതിർന്ന അഭിഭാഷക പദവിയിലെത്തി.

2000 ജൂലായ് 12ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. കേരള ഹൈക്കോടതിയിൽ രണ്ടു തവണ ആക്ടിംഗ് ചീഫ്ജസ്റ്റിസായിരുന്നു. 2010 ഫെബ്രുവരി 8 മുതൽ 2013 മാർച്ച് 7 വരെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി.

ചരിത്ര വാർത്താസമ്മേളനം, ആയിരത്തിലധികം വിധികൾ

ചീഫ്ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി ജഡ്ജിമാരുടെ അസാധാരണ വാർത്താസമ്മേളനത്തിൽ കുര്യൻ ജോസഫുമുണ്ടായിരുന്നു. ആയിരത്തിലധികം വിധിന്യായങ്ങൾ പുറപ്പെടുവിച്ച 10 സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിൽ ജസ്റ്റിസ് കുര്യൻ ജോസഫും ഇടംപിടിച്ചിട്ടുണ്ട്. മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതുൾപ്പടെയുള്ള 1031ലധികം വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്.

ഡൽഹിയിലെ പാർക്കിൽ കളിയുപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുര്യൻ ജോസഫ് ഡൽഹി ഹൈക്കോടതി ചീഫ്ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ച് ഹൈക്കോടി ഉദ്യാനങ്ങളുടെ നവീകരണത്തിനും പരിശോധനയ്ക്കും ഉത്തരവിട്ടു.

താജ്മഹലിന് സമീപത്തെ ശ്മശാനത്തിനെതിരെ സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് നൽകിയ കത്തും ഹർജിയായി പരിഗണിച്ച് നടപടിയുണ്ടായി. വിവാഹമോചനം ഉൾപ്പെടെ കുടുംബ കേസുകളിലെ ഇടപെടലുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 70 ആയി ഉയർത്തണമെന്ന് നിലപാടെത്തിരുന്നു.