sc

ന്യൂഡൽഹി: വധശിക്ഷ നിയമവിധേയമാണെന്നും സാധുത പുനഃപരിശോധിക്കേണ്ടതില്ലെന്നും സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവർ സാധുത ശരിവച്ചപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജിച്ചു.

2011ൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചത്തീസ്ഗഡിലെ ഛന്നുലാൽ വർമ്മ നൽകിയ അപ്പീലിലാണ്

വിധി. അതേസമയം കോടതി ഏകകണ്ഠമായി ഛന്നുലാലിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

1980ൽ ബച്ചൻ സിംഗും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ വധശിക്ഷയുടെ സാധുത സുപ്രീംകോടതി ശരിവച്ചതാണെന്നും അത് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്തയുടെ ഭൂരിപക്ഷ വിധി.

വിയോജിച്ച് കുര്യൻ ജോസഫ്
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വധശിക്ഷയുടെ സാധുത പുനഃപരിശോധിക്കാൻ സമയമായെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് വിയോജന വിധിയിൽ പറയുന്നു. പ്രത്യേകിച്ചും പുതിയ സാഹചര്യത്തിൽ അതിന്റെ ഉദ്ദേശ്യവും പ്രയോഗവും പരിശോധിക്കപ്പെടണം. ഭീകരവാദം ഒഴികെയുള്ള കുറ്റകൃത്യങ്ങളിൽ വധശിക്ഷ നിരോധിക്കണമെന്ന 262-ാമത് നിയമകമ്മിഷൻ റിപ്പോർട്ടും കുര്യൻജോസഫ് ചൂണ്ടിക്കാണിക്കുന്നു.

കുറ്റകൃത്യങ്ങളിലെ പൊതുജനവികാരം ആ കുറ്റത്തിന്റെ വിചാരണയെയും ശിക്ഷയെയും എങ്ങനെ ബാധിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. സമൂഹത്തിലെ ഭൂരിപക്ഷാഭിപ്രായത്തിനല്ല ഭരണഘടനാപരമായി കോടതിയെത്തുന്ന നിഗമനങ്ങൾക്കാണ് പ്രധാന്യം. കോടതി തീരുമാനത്തിന് മുമ്പുള്ള പൊതുജനവിചാരണയും ആശങ്കയുണ്ടാക്കുന്നു. കുറ്റത്തെയും കുറ്റവാളിയെയുംകുറിച്ച് പൊതുമനസാക്ഷിയിൽ അന്വേഷണ ഏജൻസികൾ പുകമറയുണ്ടാക്കുന്ന പ്രവണതയുണ്ട്. ഇത് വിചാരണയുടെ എല്ലാ ഘട്ടത്തിലും നീതി ഉറപ്പാക്കാനുള്ള കോടതിയുടെ ശ്രമത്തെ സമ്മർദ്ധത്തിലാക്കുന്നു. വധശിക്ഷ നിയമപരമായി തുടരുന്നിടത്തോളം കാലം ആ ശിക്ഷ നൽകാനുള്ള ബാദ്ധ്യത ജഡ്ജിമാരിൽ വന്നുചേരുന്നു. തിരുത്താനാവാത്ത ശിക്ഷയായതിനാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള അവസ്ഥയും കണക്കിലെടുക്കണം. ഒരാളുടെ ജീവനെടുക്കുന്ന ശിക്ഷ വിധിക്കുമ്പോൾ ഉന്നതമായ ഭരണഘടനാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും കുര്യൻജോസഫ് വിധിന്യായത്തിൽ പറയുന്നു.