ന്യൂഡൽഹി: പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ സാർക്കിന്റെ ഉച്ചകോടി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യ ബഹിഷ്‌കരിക്കാൻ സാദ്ധ്യത. പാകിസ്ഥാൻ ഭീകരരെ സഹായിക്കുന്നത് നിറുത്തിയാൽ മാത്രമെ സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കൂ എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഭീകരപ്രവർത്തനം തടയാതെ പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ചയ്‌ക്കില്ലെന്നും സുഷമ വ്യക്തമാക്കി.
പാകിസ്ഥാനുമായി ഉഭയകക്ഷി ചർച്ച താൻ തുടങ്ങിവച്ചതിനുശേഷമാണ് പത്താൻകോട്ടും ഉറിയിലും ഭീകരാക്രമണം ഉണ്ടായതെന്ന് സുഷമ ചൂണ്ടിക്കാട്ടി. ഭീകരതയും ചർച്ചയും ഒരുമിച്ച് നടക്കില്ല.
ഇക്കൊല്ലം നടക്കുന്ന സാർക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുഷമാ സ്വരാജിന്റെ പ്രസ്‌താവന. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പുതിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഭീകരർക്കുള്ള സഹായം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇന്ത്യ. സിക്ക് മതസ്ഥാപനകൻ ഗുരുനാനാക്കിന്റെ ജൻമസ്ഥലത്തേക്കുള്ള കർത്താർപൂർ ഇടനാഴിയുടെ പാക് പക്ഷത്തെ ഉദ്‌ഘാടന ചടങ്ങിനുള്ള ഇമ്രാൻഖാന്റെ ക്ഷണം സുഷമാ സ്വരാജ് നിരസിച്ചിരുന്നു. ഇടനാഴിയും ചർച്ചയും രണ്ടാണെന്നും സുഷമ ചൂണ്ടിക്കാട്ടി. ഇടനാഴി നിർമ്മിക്കാൻ രണ്ടു ദശാബ്‌ദമായി ഇന്ത്യ ആവശ്യപ്പെട്ടു വരികയാണെന്നും മന്ത്രി പറഞ്ഞു.
2014ൽ നേപ്പാൾ തലസ്ഥാനമായ കാഠ‌്മണ്ഡുവിലാണ് ഏറ്റവുമൊടുവിൽ സാർക്ക് സമ്മേളനം നടന്നത്. 2016ൽ പാകിസ്ഥാനിൽ വച്ച് ഉച്ചകോടി നടത്താൻ തീരുമാനിച്ചെങ്കിലും ഇന്ത്യ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്ഥാൻ, ഭൂട്ടാൻ എന്നീ അംഗരാജ്യങ്ങൾ ബഹിഷ്‌കരിച്ചതിനെ തുടർന്ന് സമ്മേളനം ഉപേക്ഷിച്ചിരുന്നു. ഉറി ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ബഹിഷ്‌കരിച്ചത്.