poll

ന്യൂഡൽഹി: മദ്ധ്യപ്രദേശ്, മിസോറം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പോളിംഗ്.

മദ്ധ്യപ്രദേശിൽ 75 ഉം മിസോറമിൽ 77 ശതമാനവുമാണ് പോളിംഗ്. കഴിഞ്ഞതവണ ഇത് യഥാക്രമം 72.07, 81 ശതമാനമായിരുന്നു. ഇരുസംസ്ഥാനങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

മദ്ധ്യപ്രദേശിൽ 227 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബാല
ഗഡിലെ നക്സൽ ബാധിതമായ മൂന്ന് മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ 3 വരെയായിരുന്നു പോളിംഗ്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുടുംബസമേതം തന്റെ മണ്ഡലമായ ബുദ്ധിനിയിലെ ജയ്റ്റ് ഗ്രാമത്തിലെ ബൂത്തിൽ വോട്ടുചെയ്തു. ചിന്ത് വാഡയിൽ വോട്ട് ചെയ്യും മുൻപ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥ് കുടുംബത്തോടൊപ്പം ക്ഷേത്രസന്ദർശനം നടത്തി.
ചിന്ദ്‌വാഡയിൽ വോട്ട് ചെയ്ത ശേഷം കൈ ഉയർത്തിക്കാണിച്ചതിന്‌ കമൽനാഥിനെതിരെ ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസിന്റെ തിര‌ഞ്ഞെടുപ്പ് ചിഹ്നത്തെ സൂചിപ്പിക്കുന്ന തരത്തിൽ കൈ ഉയർത്തി കാണിച്ചത് പെരുമാറ്റചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

തകരാറിനെ തുടർന്ന് 1,146 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 1,545 വി.വി പാറ്റും മാറ്റേണ്ടിവന്നു.
വോട്ടിംഗ് മെഷീനുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോൺഗ്രസ് രാവിലെ രംഗത്തെത്തിയിരുന്നു. .മിസോറമിൽ മുഖ്യമന്ത്രി ലാൽ തൻഹവാല മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നായ സെർച്ചിപ്പിൽ പോളിംഗ് 81 ശതമാനമായി.

രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

ഡ്യൂട്ടിക്കിടെ തളർന്നുവീണ്‌ ഇൻഡോറിലും ഗുണയിലുമായി രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ആരോഗ്യപ്രശ്നങ്ങളാണ്‌ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. മദ്യപിച്ച പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള മൂന്നു ഉദ്യോഗസ്ഥരെ കമ്മിഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. 40 മണ്ഡലങ്ങളാണ് മിസോറമിലുള്ളത്.