ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടറെ നിയമിക്കാനുള്ള പൂർണാധികാരം തങ്ങൾക്കാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതി
യിൽ പറഞ്ഞു. സെലക്‌ഷൻ കമ്മിറ്റി നൽകുന്ന പേരുകളിൽ നിന്നൊരാളെ നിയമിക്കുന്നത് കേന്ദ്രസർക്കാരാണെന്നും കമ്മിറ്റിക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അധികാരം മാത്രമേയുള്ളൂവെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം ഡയറക്ടർ സ്ഥാനത്ത് നിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത് നിയമവിരുദ്ധമായാണെന്ന് അലോക് വർമ്മയ്ക്കായി മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ വാദിച്ചു. ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ഭേദഗതിക്ക് വിരുദ്ധമായാണ് കേന്ദ്രത്തിന്റെ നടപടി. രണ്ട് വർഷമാണ് ഡയറക്ടറുടെ കാലാവധി. അതിന് മുൻപ് ഡയറക്ടറെ മാറ്റണമെങ്കിൽ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയുടെ മുൻകൂർ അനുമതി വേണം. ഇതൊന്നും പാലിച്ചിട്ടില്ല.
അലോക് വർമ്മയെ നിർബന്ധിത അവധിയിൽ കേന്ദ്രസർക്കാർ പ്രവേശിപ്പിച്ചത് സ്ഥലംമാറ്റത്തെക്കാൾ മോശമായ കാര്യമാണ്. കോടതിയിൽ സമർപ്പിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അലോക് വർമ്മയെ മാറ്റിയത് നിയമവിരുദ്ധമായാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും വാദിച്ചു.
അലോക് വർമ്മയെ മാറ്റിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും ഇടക്കാല ഡയറക്ടറായി എം. നാഗേശ്വരറാവുവിനെ നിയമിച്ചത് റദ്ദാക്കണമെന്നും കോമൺകോസ് എൻ.ജി.ഒയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.
ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി.