ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് 25 വയസിന് മുകളിലുള്ളവർക്കും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ഒരാഴ്ച കൂടി നീട്ടാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) നിർദ്ദേശിച്ചു. അവസാന തീയതി ഇന്ന് കഴിയാനിരിക്കെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
2019ലെ എം.ബി.ബി.എസ്, ബി.ഡി.എസ് ബിരുദ കോഴ്സുകളിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി ജനറൽ വിഭാഗത്തിൽ 25, സംവരണവിഭാഗങ്ങൾക്ക് 30 എന്നിങ്ങനെ സി.ബി.എസ്.ഇ നിജപ്പെടുത്തിയിരുന്നു. ഈ തീരുമാനം ഡൽഹി ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 25ന് മുകളിൽ പ്രായമുള്ളവർ നൽകുന്ന അപേക്ഷയുടെ സാധുത ഈ ഹർജികളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജികൾ ഫെബ്രുവരിയിൽ വീണ്ടും കേൾക്കും.
www.ntaneet.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ വഴി അപേക്ഷിക്കാം. മേയ് 5നാണ് പരീക്ഷ.