ന്യൂഡൽഹി: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സംഘർഷ‌് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ നടത്തിയ കിസാൻ മുക്തി റാലി ഡൽഹിയെ ചുവപ്പിൽ മുക്കി. നാലുവർഷമായി കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് റാലി നടത്തിയത്. 207ഒാളം സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയുടെ നാല് അതിരുകളിൽ നിന്ന് ആരംഭിച്ച റാലി സമരപരിപാടിയുടെ വേദിയായ രാംലീലാ മൈതാനിയിൽ ഒത്തുചേർന്നു. ഇന്നു രാവിലെ കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഉച്ചയ്‌ക്കു ശേഷം കർഷക സമ്മേളനവും ചേരും. കാർഷികകടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക‌് ന്യായവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും.സാമൂഹ്യ പ്രവർത്തകരായ മേധാ പട്‌കർ, സായിനാഥ്, കിസാൻ സഭ പ്രസിഡന്റ‌് അശോക‌് ധാവ‌്‌ലെ, ജനറൽ സെക്രട്ടറി ഹനൻ മൊള്ള, ജോയിന്റ‌് സെക്രട്ടറിമാരായ വിജു കൃഷ‌്ണൻ, കെ കെ രാഗേഷ‌് എംപി തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.