justice-kurian

ന്യൂഡൽഹി: സാധാരണക്കാരുടെ അക്രമത്തെക്കാൾ നിയമമറിയുന്നവരുടെ മൗനമാണ് കൂടുതൽ അപകടകരമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. വൈവിദ്ധ്യങ്ങൾക്കിടയിലും നമ്മെ ഒരുമിപ്പിക്കുന്നത് ഭരണഘടനയാണ്. നിയമം വ്യാഖ്യാനിച്ച് വിധിപറയുമ്പോൾ രാജ്യത്തിന്റെ വൈവിദ്ധ്യം മനസിലുണ്ടാകണമെന്നും സുപ്രീംകോടതിയിലെ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭയമോ, പക്ഷപാതമോയില്ലാതെയാണ് സേവനം ചെയ്തത്. ജഡ്ജിയാവാനുള്ള തീരുമാനത്തെ ഭാര്യ റൂബി മാത്രമാണ് എതിർത്തത്. മുൾക്കിരീടമാണ് അണിയുന്നതെന്നായിരുന്നു റൂബി പറഞ്ഞത്. ആ കിരീടം പൂക്കൾ കൊണ്ടുള്ളതാക്കാമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ചെയ്തെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നുള്ളവരാണെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളായെന്ന് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. മികച്ച ജഡ്ജിമാർ പോവുകയാണ്. നമുക്ക് പകരക്കാർ വേണം. നല്ല ജഡ്ജിമാർക്കായാണ് കൊളീജിയം ശ്രമിക്കുന്നതെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിയിലെ മികച്ച ജഡ്ജിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയാൽ ഒന്നാം സ്ഥാനം ജസ്റ്റിസ് കുര്യൻ ജോസഫിനാകുമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലും പറഞ്ഞു.

ഇന്നലെ സുപ്രീംകോടതിയിലെ അവസാന പ്രവൃത്തിദിവസം ചീഫ്ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിയിലായിരുന്നു. അറ്റോർണി ജനറൽ , സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് , അഭിഭാഷകർ തുടങ്ങിയവർ ആശംസയർപ്പിച്ചു.

അഞ്ചു വർഷത്തിലധികം നീണ്ട സേവനത്തിനുശേഷമാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങുന്നത്. ഹിമാചൽ ഹൈക്കോടതി ചീഫ്ജസ്റ്റിസായിരിക്കെ 2013 മാർച്ച് എട്ടിനാണ് സുപ്രീംകോടതി ജഡ്ജായി നിയമിതനായത്.