ന്യൂഡൽഹി: ഫാസ്റ്റ് ഫുഡിലെയും ബേക്കറി ഉത്പന്നങ്ങളിലെയും കൊലയാളി എണ്ണയായ ട്രാൻസ്ഫാറ്റിനെ നിരോധിക്കാൻ കേന്ദ്രം. ആദ്യഘട്ടത്തിൽ ട്രാൻസ്ഫാറ്റ് അഥവാ ട്രാൻസ്ഫാറ്റി ആസിഡിന്റെ (ടി.എഫ്.എ) അളവ് നിയന്ത്റിക്കാനാണ് ഇന്ത്യൻ ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ) പദ്ധതിയിടുന്നത്. ട്രാൻസ്‌ഫാറ്റ് ഘട്ടം ഘട്ടമായി കുറച്ച് 2022ൽ പൂർണമായും ഇല്ലാതാക്കുമെന്ന് അതോറിട്ടി മേധാവി പവൻ അഗർവാൾ കേരളകൗമുദിയോട് പറഞ്ഞു. ഭക്ഷ്യവസ്‌തുക്കളിൽ ആകെ കൊഴുപ്പിന്റെ രണ്ട് ശതമാനത്തിൽ കൂടുതൽ ട്രാൻസ്ഫാറ്റ് പാടില്ലെന്ന പുതിയ നിർദ്ദേശം ഉടൻ പുറത്തിറക്കും. നിലവിലെ അനുവദനീയമായ അളവ് 5 ശതമാനമാണ്. ജനങ്ങളെ ബോധവത്‌കരിക്കാൻ 'ഹാർട്ട് അറ്റാക്ക് റിവൈൻഡ്' എന്ന പ്രചാരണ പരിപാടി തുടങ്ങും. ട്രാൻസ്‌ഫാറ്റ് വിമുക്ത ഭക്ഷണമെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിലേക്ക് രാജ്യവും എത്തുമെന്നും പവൻ അഗർവാൾ പറഞ്ഞു.
പലഹാരങ്ങളിലെ ട്രാൻസ്ഫാറ്റ്
ഭക്ഷ്യവസ്തുക്കളിൽ സ്വാദിനും കേടുകൂടാതിരിക്കാനും ചേർക്കുന്ന കൃത്രിമ കൊഴുപ്പാണ് ട്രാൻസ്ഫാറ്റ്. സസ്യ എണ്ണയിൽ ഹൈഡ്രജൻചേർത്താണ് ഇതുണ്ടാക്കുന്നത്. ഇതോടെ സസ്യ എണ്ണ ഖരരൂപത്തിലാവും. നമ്മുടെ നാട്ടിൽ ബിരിയാണിയിലും ബേക്കറി പലഹാരങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന വനസ്പതി ട്രാൻസ്ഫാറ്റിന് ഒരു ഉദാഹരണമാണ്.
സ്വാഭാവിക വെണ്ണ, നെയ്യ് എന്നിവയെക്കാൾ ലാഭകരമാണ് ട്രാൻസ്ഫാറ്റുകൾ. ബേക്കറി പലഹാരങ്ങളിലെ മുഖ്യ ഘടകങ്ങളായ ബേക്കറി ഷോർട്ടനിംഗ്, വെള്ളവും 80 ശതമാനം കൊഴുപ്പും ചേർന്ന മാർഗരിൻ എന്നിവയും ട്രാൻസ്ഫാറ്റുകളുടെ നിറകുടമാണ്. കേക്കുകളിൽ ഉപയോഗിക്കുന്ന പേസ്ട്രി മറ്റൊരു ഉദാഹരണം.
ആരോഗ്യ ഭീഷണി
വ്യാവസായികമായി നിർമ്മിക്കുന്ന ട്രാൻസ്ഫാറ്റുകൾക്ക് ഒരു പോഷകഗുണവുമില്ല. ചെയ്യുന്നത് ദോഷം മാത്രം. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കും. രക്തക്കുഴലിൽ അടിഞ്ഞ് ഹൃദയാഘാതമുണ്ടാക്കും. ഇവ പ്രമേഹത്തിനും കാൻസറിനും വഴിതെളിക്കുമെന്ന് തെളിഞ്ഞതായും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. നന്ദിത മുരുകുത്‌ല പറഞ്ഞു.