ന്യൂഡൽഹി:കർഷക വിരുദ്ധ നയങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡൽഹിയിൽ കൂറ്റൻ കർഷകറാലി സംഘടിപ്പിച്ചു. അയോദ്ധ്യയല്ല, വായ്പയെഴുതി തള്ളുകയാണ് വേണ്ടതെന്ന മുദ്രാവാക്യവുമായി കാർഷിക ഉത്പന്നങ്ങളും തലയോട്ടികളും മറ്റുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകർ റാലിയിൽ അണിനിരന്നു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, സാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, കാർഷിക കടങ്ങളെഴുതി തള്ളുക, കർഷക പ്രശ്നങ്ങൾ ചർച്ചചെയ്യാനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു രണ്ടുദിവസങ്ങളിലായി കിസാൻ മുക്തി മാർച്ച് എന്ന പേരിൽ കർഷകർ തലസ്ഥാനത്തെത്തിയത്.
207 സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കർഷകർ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് വ്യാഴാഴ്ച രാംലീല മൈതാനിയിലേക്ക് റാലിയായെത്തിയിരുന്നു. ഇന്നലെ രാവിലെ രാംലീല മൈതാനത്തു നിന്ന് പാർലമെന്റിലേക്ക് കർഷകർ നടത്തിയ മാർച്ച് ജന്തർമന്ദറിൽ പൊലീസ് തടഞ്ഞു. ഡോക്ടർമാർ, അദ്ധ്യാപകർ, വിമുക്തഭടന്മാർ, ജെ.എൻ.യു, ഡൽഹി, ജാമിയ മിലിയ, അംബേദ്കർ സർവകലാശാലകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ മാർച്ചിന് പിന്തുണയുമായെത്തി. കർഷകർക്ക് സൗകര്യങ്ങളൊരുക്കി ഡൽഹി സർക്കാരും മറ്റും സംഘടനകളും രംഗത്തുവന്നു. കോർഡിനേഷൻ കമ്മിറ്റി നേതാക്കളായ ഹനൻമൊള്ള, അശോക് ധാവ്‌ലെ, മേധാപട്കർ, യോഗേന്ദ്രയാദവ്, വിജൂകൃഷ്ണൻ, പി.കൃഷ്ണപ്രസാദ്, കെ.കെ.രാഗേഷ് എം.പി, മാദ്ധ്യമപ്രവർത്തകൻ പി.സായ്‌നാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
പിന്തുണയുമായി പ്രതിപക്ഷം
കർഷകമാർച്ചിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടിനേതാക്കളെത്തിയതോടെ മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷ ഐക്യപ്രകടനമായി റാലി മാറി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ആംആദ്മി നേതാവ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആദ്യമായി പ്രതിഷേധ വേദി പങ്കിട്ടതും ശ്രദ്ധേയമായി.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, സെക്രട്ടറി ഡി. രാജ,നാഷണൽ കോൺഫ്രൻസിന്റെ ഫാറൂഖ് അബ്ദുള്ള, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, സമാജ്‌വാദി പാർട്ടി നേതാവ് ധർമ്മേന്ദ്ര യാദവ്, തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി തുടങ്ങിയവരുംപിന്തുണയുമായെത്തി.
കർഷകരാണ് രാജ്യത്തിന്റെ ശക്തി. കർഷകരെയും യുവാക്കളെയും നിശബ്ദമാക്കാനാവില്ല. സൗജന്യമല്ല, അവർക്ക് അവകാശപ്പെട്ടതാണ് കർഷകർ ചോദിക്കുന്നത്. 15 വമ്പൻ വ്യവസായികളുടെ 3.5 ലക്ഷം കോടി രൂപ സർക്കാരിന് എഴുതിത്തള്ളാമെങ്കിൽ രാജ്യത്തെ കോടിക്കണക്കിന് കർഷകരുടെ കടങ്ങൾ എന്തുകൊണ്ട് എഴുതിതള്ളിക്കൂടാ. യുദ്ധവിമാനത്തിനായി അനിൽ അംബാനിക്ക് 30000 കോടി നൽകാമെങ്കിൽ കർഷകരുടെ കടങ്ങളും എഴുതിതള്ളണം. വിളകൾക്ക് താങ്ങുവില നൽകുമെന്നും ബോണസ് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നൽകിയിരുന്നു. പാഴ് വാക്കുകൾ മാത്രമാണ് ലഭിച്ചത്. രാജ്യത്തെ കർഷകർക്ക് ഞാൻ ഉറപ്പ് നൽകുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്
- രാഹുൽ ഗാന്ധി
വാഗ്ദാനങ്ങൾ പാലിക്കാതെ കർഷകരെ മോദി സർക്കാർ പിന്നിൽ നിന്ന് കുത്തി. വിളകൾക്ക് ന്യായ വില ലഭിക്കാത്തതുകൊണ്ടാണ് കടങ്ങളെഴുതി തള്ളാൻ യാചിക്കേണ്ടിവരുന്നത്. കർഷക പ്രശ്നങ്ങൾ പരിഹരിക്കാനാവുന്നില്ലെങ്കിൽ വോട്ടിനായി അംബാനിയുടെയും അദാനിയുടെയും അടുത്തേക്ക് ചെല്ലൂ. അഞ്ചുമാസം കൂടി ബാക്കിയുണ്ട്. വിളകൾക്ക് ന്യായവില ഉറപ്പാക്കണം. സാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം. ഇല്ലെങ്കിൽ 2019ൽ കർഷകർ കേന്ദ്രസർക്കാരിനെ ഇല്ലാതാക്കും.
- അരവിന്ദ് കേജ്‌രിവാൾ
ബി.ജെ.പിക്കും മോദിക്കും ആർ.എസ്.എസിനും ഒരു ആയുധമേ കൈയിലുള്ളൂ. രാമക്ഷേത്രം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ രാമനാമജപം തുടങ്ങും
- സീതാറാം യെച്ചൂരി