flood
flood, file photo

ന്യൂഡൽഹി: കേരളത്തിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2500 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അദ്ധ്യക്ഷനായ സമിതി ശുപാർശ ചെയ‌്ത‌ു. മുൻകൂർ അനുവദിച്ച 600 കോടി ഉൾപ്പെടെ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ (എൻ. ഡി.ആർ.എഫ്) നിന്ന് 3100 കോടി നൽകാനാണ് സമിതിയുടെ ശുപാർശ. കേന്ദ്ര ധനമന്ത്രി, ആഭ്യന്തര മന്ത്രി, കൃഷി മന്ത്രി എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയാണ് ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. 4800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. സ്‌പെഷ്യൽ സെക്രട്ടറി ബി.ആർ. ശർമ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തിയ ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതി കേന്ദ്രസഹായം നിശ്‌ചയിച്ചത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി രാധാമോഹൻസിംഗ് എന്നിവരടങ്ങിയ ഉന്നതാധികാര സമിതി ശുപാർശ പരിഗണിച്ച് അന്തിമ പാക്കേജ് പ്രഖ്യാപിക്കും. ഉന്നതാധികാര സമിതി നവംബർ 19ന് കർണാടകയ്‌ക്ക് 546 കോടി അനുവദിച്ചിരുന്നു.

നിവേദനം നൽകുമ്പോൾ

ചട്ടം പാലിക്കണം

പ്രളയക്കെടുതി, വരൾച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധനസഹായം തേടി നിവേദനം നൽകുമ്പോൾ കേന്ദ്രസർക്കാർ നിഷ്‌കർഷിച്ച മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. തോന്നിയ പോലെ നിവേദനം തയ്യാറാക്കിയാൽ ആവശ്യപ്പെടുന്ന തുകയും കേന്ദ്രം അനുവദിക്കുന്നതും തമ്മിൽ അന്തരമുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സഞ്ജീവ് കെ. ജിൻഡാൽ അയച്ച സർക്കുലറിൽ പറയുന്നു. കേരളം പ്രളയക്കെടുതി നേരിടാൻ 4800 കോടി ആവശ്യപ്പെട്ട സ്ഥാനത്താണ് കേന്ദ്രസർക്കാർ 3100 കോടി രൂപയ്‌ക്ക് അനുമതി നൽകിയത്.