kurian-

ന്യൂഡൽഹി: ചീഫ്ജസ്റ്റിസിനെതിരെ ജനുവരിയിൽ അസാധാരണ വാർത്താസമ്മേളനം നടത്തിയതിൽ ഖേദമില്ലെന്നും ആ നടപടികൊണ്ട് സുതാര്യത ഉൾപ്പടെ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞെന്നും വിരമിച്ച സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ഇന്നലെ തന്റെ ജന്മദിനത്തിൽ ഡൽഹിയിലെ വസതിയിൽവച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർ രാജ്യത്തിന്റെ വൈവിധ്യം കൂടി മനസിൽ വ
യ്ക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ശബരിമല കേസിന്റെ പശ്ചാത്തലത്തിലല്ല. വിശാലമായ അർത്ഥത്തിലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ശബരിമല വിധിയെ കുറിച്ചു പ്രതികരിക്കാനാവില്ല. നിയമം അന്തിമമായി കഴിഞ്ഞാൽ അത് ലംഘിച്ചാൽ കോടതിയലക്ഷ്യമാണ്. എന്നാൽ ആ തീരുമാനങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ പുനഃപരിശോധന ആവശ്യപ്പെടാൻ ഭരണഘടനാപരമായി തന്നെ കഴിയും. ജഡ്ജിമാരുടെ നിയമനം, സ്ഥലം മാറ്റം, ഫയൽ നീക്കം വൈകിപ്പിക്കുക എന്നിവയിലൂടെ ജൂഡിഷ്യറിയിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്ത പേരുകളിൽ ചിലത് കേന്ദ്ര സർക്കാർ തിരിച്ചയച്ചതിൽ കൊളീജിയം യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.