കൊച്ചി: കേരളത്തിന്റെ ചരിത്രനേട്ടങ്ങളിൽ പുതിയൊരേട് കുറിച്ച് മാദ്ധ്യമസ്ഥാപനങ്ങൾ ചേർന്നൊരുക്കുന്ന ഷോപ്പിംഗ് മാമാങ്കം 15 മുതൽ ഡിസംബർ 16 വരെ നടക്കും. ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവ് എന്ന് പേരിട്ട മേളയിൽ കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പങ്കെടുക്കും. നാലുകോടി രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യജേതാക്കളെ കാത്തിരിക്കുന്നത്. ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് മെഗാസമ്മാനം. ആയിരം രൂപയ്‌ക്കോ അതിൽ കൂടുതൽ തുകയ്‌ക്കോ സാധനങ്ങൾ വാങ്ങുന്നവർക്ക് മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഗിഫ്‌റ്റ് വൗച്ചറുകളും ഗിഫ്റ്റ് ഹാംപേർസും ഗൃഹോപകരണങ്ങളും ഉൾപ്പെടെ എല്ലാ ദിവസവും ആയിരത്തിലേറെ സമ്മാനങ്ങളും ഭാഗ്യശാലികളെ തേടിയെത്തും. പ്രത്യേക വാട്‌സ് ആപ്പ് നമ്പരിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിന്റെ ചിത്രമയച്ച് നറുക്കെടുപ്പിൽ പങ്കെടുക്കാം. മറുപടി സന്ദേശത്തിൽ പേരും വിലാസവും മൊബൈൽ നമ്പരും ബിൽ നമ്പരും രേഖപ്പെടുത്താൻ കഴിയും. വാട്ട്സ്ആപ്പ് നമ്പർ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രളയം തകർത്ത കേരളത്തെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാപാരരംഗം പ്രളയത്തെ അതിജീവിച്ച് സാധാരണനിലയിലെത്തിയെന്ന് ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം കൂടിയായിരിക്കും. ഓണക്കാല ഷോപ്പിംഗ് അനുഭവം നഷ്ടമായവർക്ക് പുതിയൊരു ഉത്സവകാലം കൂടിയാണിത്. മികച്ച ഓഫറുകൾ ചില്ലറ മൊത്ത വ്യാപാരികൾ നൽകും. 25 കോടി രൂപയുടെ പരസ്യങ്ങളുടെ ഇടം മാദ്ധ്യമ സ്ഥാപനങ്ങൾ സൗജന്യമായി നൽകും. മെഗാതാരം മമ്മൂട്ടിയാണ് ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിന്റെ ലോഗോ പ്രകാശിപ്പിച്ചത്.
ആയിരം കോടി വിപണിയിലെത്തും