നെടുമ്പാശേരി: ഒന്നര പതിറ്റാണ്ടിന് ശേഷം ചെങ്ങമനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാലപ്രശേരി തേറാട്ടിക്കുന്ന് തരിശിടത്തിൽ നെൽകൃഷിക്ക് തുടക്കമായി. മൂന്നേക്കർ സ്ഥലത്താണ് ചെങ്ങമനാട് കൃഷി ഭവന്റെ സഹകരണത്തോടെ പാടശേഖര സമിതി നടീൽ ആരംഭിച്ചത്.
കാലങ്ങളോളംരണ്ട് പൂ കൃഷി ചെയ്തിരുന്ന 12 ഏക്കറിലധികം വരുന്ന പാടശേഖരത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രദേശത്ത് ജലമത്തെുന്ന മാങ്ങാമ്പിള്ളി ചിറയിലെ ഒഴുക്ക് അശാസ്ത്രീയമായതിനാലുമാണ് നെൽകൃഷി നിലക്കാൻ കാരണമായത്. പരമ്പരാഗത കർഷകർ നഷ്ടം സഹിച്ച് ഒറ്റക്കും കൂട്ടായും ചിലയിടങ്ങളിൽ നെൽകൃഷി നടത്തിയിരുന്നെങ്കിലും നടീൽ യന്ത്രമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ക്‌ളേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് കാർഷിക മേഖലയിൽ നടീൽ യന്ത്രം അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചത്.
നെൽകൃഷിയുടെ നടീൽ ദിലീപ് കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഡയറക്ടർ സൈജ ജോസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ കെ.എം. അബ്ദുൽ ഖാദർ, ലത ഗംഗാധരൻ, ജെർളി കപ്രശ്ശേരി, പാടശേഖര സമിതി സെക്രട്ടറി എ.ബി.മോഹനൻ, സി.എസ്. ലക്ഷ്മിശ്രീ, കെ.പി.വത്സമ്മ തുടങ്ങിയവർ സംസാരിച്ചു.
നെൽകൃഷി ലാഭകരമാക്കും
കാർഷിക മേഖലയിലെ പോരായ്മകൾ പരിഹരിച്ച് പഞ്ചായത്തിൽ നെൽകൃഷി സമ്പന്നമാക്കുമെന്നും, അതിനായി നൂതന പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശേരി അറിയിച്ചു.