കൊച്ചി: ബാലഭാസ്ക്കറിന്റെ വയലനിൽ വിരിഞ്ഞ സംഗീതപ്പൂക്കൾ ഇന്നലെവീണ്ടും വസന്തം ചൊരിഞ്ഞു. പാതി വഴിയിൽ മറഞ്ഞു പോയ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ അനുസ്മരണാർത്ഥം കേരളകൗമുദി എറണാകുളം ഡി.എച്ച് ഗ്രൗണ്ടിൽ ഒരുക്കിയ ബാലസ്മൃതിയിലാണ്, അദ്ദേഹത്തിന്റെ കൈ വിരലുകളിൽ വിരിഞ്ഞ ഗാനങ്ങൾ കോർത്തിണക്കി സ്മരണാഞ്ജലി ഒരുക്കിയത്. ജില്ലയിലെ തലയെടുപ്പുള്ള കാമ്പസുകളായ ആർ.എൽ.വി, മഹാരാജാസ്, സെന്റ് തെരേസാസ് എന്നിവിടങ്ങളിലെ കലാകാരൻമാരും കലാകാരികളും ഒപ്പം സ്റ്റീഫൻ ദേവസിയും അർപ്പിച്ച സംഗീതാർച്ചനയിലൂടെയാണ് ബാല സ്മൃതിക്ക് അരങ്ങുണർന്നത്.

ബാലുവിന്റെ വിസ്മയ ഗാനങ്ങൾ അവർ ഒന്നൊന്നായി വേദിയിലെത്തിച്ചു. കലാസ്വാദകർ അതിൽ ലയിച്ചിരുന്നു. "ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ..., ഉയിരെ എന്നീ ഗാനങ്ങൾ ഫ്യൂഷനായി പെയ്തിറങ്ങി. ഈ സമയം മെഴുക് തിരിനാളം പകർന്ന് മനസിൽ നിന്ന് മായാത്ത ബാലുവിനെ കൊച്ചി വീണ്ടും ഓർത്തെടുത്തു.

 തൃപ്പൂണിത്തുറ രാധാലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്സ് കോളേജ് (ആർ.എൽ.വി) വിദ്യാർത്ഥികളുടെ സ്വന്തം ബാൻഡായ 'ഓംകാർ' അവതരിപ്പിച്ച വയലിൻ വിസ്മയം കാണികളുടെ മനംകവർന്നു. വയലിൻ വിദ്യാർത്ഥികളായ അപർണ, ജയദേവൻ, വൈശാഖ്, വിഷ്ണു, അമൽ തുടങ്ങിയവരാണ് രാഗാർച്ചന നടത്തിയത്.

 കലാകാരന്മാരുടെ വിളനിലമായ മഹാരാജാസിന്റെ മ്യൂസിക് ക്ലബ് അംഗങ്ങളായ അതുൽ കെ.പി, നിഖിൽ പി.വി, വിഷ്ണുദേവ്, അഭിജിത്, അനന്തരാമൻ എന്നിവരുൾപ്പെട്ട സംഘമാണ് ബാല സ്മൃതിയിൽ അണിനിരന്നത്.
 സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ബാലുവിന്റെ വോക്കൽ ഫ്യൂഷനും വേദിയിൽ അരങ്ങേറി. ശ്രുതി യു. ഭട്ട്, റിട്ടു അനിൽകുമാർ, മേഘന എം, ആർദ്ര എൻ.പി, റൂത്ത് നൊറോഹൻ, ഷാനെറ്റ് കാർത്തുഡ്സ് എന്നിവരാണ് ഫ്യൂഷൻ അവതരിപ്പിച്ചത്. കേരളകൗമുദിക്ക് വേണ്ടി സ്റ്റീഫൻ ദേവസി ഇവർക്ക് ഉപഹാരം നൽകി.