mvpa-106
ഓക്‌സിജൻ പാർക്കിനായി തി​രഞ്ഞെടുത്ത ത്രിവേണി തീരം എൽദോ എബ്രഹാം എം.എൽ. എ ,കോതമംഗലം ഡി.എഫ്.ഒ എസ്. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ്, ഡോ. ഷാജു തോമസ് എന്നിവർ സന്ദർശിക്കുന്നു

മൂവാറ്റുപുഴ: 1917ൽ തിരുവിതാംകൂർ റാണി ലക്ഷ്മീ പാർവതി ഭായി തമ്പുരാട്ടി ത്രിവേണി സംഗമതീരത്ത് തിരുവിതാംകൂർ വനം വകുപ്പിന് നൽകിയ കാവൽ സ്ഥലം ഓക്‌സിജൻ പാർക്കായി മാറുന്നു.

ജലഗതാഗതത്തിന് പ്രാധാന്യമുണ്ടായിരുന്ന കാലത്ത് മുവാറ്റുപുഴ വഴി പോകുന്ന ചരക്കുകൾക്ക് കരം ഈടാക്കാനും കളളക്കടത്ത് തടയുന്നതിനുമുള്ള ചെക്ക് പോസ്റ്റായിരുന്നു ഇത്. കാവൽപുരയും ഇരുമ്പ് പോസ്റ്റിൽ അരിക്കിനാൽ ലാമ്പ് പിടിപ്പിച്ച ലൈറ്റ് ടവറും ഇവിടുണ്ടായിരുന്നു. ജലഗതാഗതം അസ്തമിച്ചതോടെ കാവൽപുരയും ഇല്ലാതായി. ഇതോടെ ജീവനക്കാരെ വനംവകുപ്പ് മറ്റ് ഓഫീസുകളിലേക്ക് മാറ്റി. കാടുപിടിച്ച് കിടന്ന സ്ഥലത്ത് കൈയ്യേറ്റംവർദ്ധിച്ചതോടെയാണ് വനം വകുപ്പ് ഭൂമിയിൽ ബോർഡ് വയ്ക്കാനും ഓക്‌സിജൻ പാർക്കായി മാറ്റാനും തീരുമാനിച്ചത്.

പാർക്കിന്റെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്താൻ എൽദോ എബ്രഹാം എം.എൽ.എ, കോതമംഗലം ഡി.എഫ്.ഒ എസ്. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ഹാരിസ്, ഡോ. ഷാജു തോമസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഓക്‌സിജൻ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, വള്ളിക്കുടിൽ, ഏറുമാടം, ലൈറ്റ് ടവർ, ഇരിപ്പിടങ്ങൾ എന്നിവ സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു.