കൊച്ചി : ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ അനുസരിക്കാതെ സംസ്ഥാന സർക്കാരിന് മറ്റെന്തു ചെയ്യാനാവുമെന്നും ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള പുന: പരിശോധനാ ഹർജികൾ തീർപ്പാക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എം. തങ്കപ്പമേനോൻ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിച്ചില്ല സുപ്രീംകോടതി വിധി പറഞ്ഞതെന്ന വാദമാണ് ഹർജിക്കാരൻ ഉന്നയിച്ചത്. മാത്രമല്ല, ഒാരോ ക്ഷേത്രത്തിലെയും പ്രതിഷ്ഠയ്ക്ക് വ്യത്യസ്ത സ്വഭാവമുണ്ട്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. പൊതുവായ ക്ഷേത്രനിയമങ്ങൾ അവിടെ ബാധകമല്ലെന്നും വാദിച്ചു. എന്നാൽ, വിധിക്കെതിരെ നിലപാടുണ്ടെങ്കിൽ സുപ്രീംകോടതിയെ തന്നെ സമീപിക്കണമെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
പ്രതിഷേധം തുടർന്നാൽ ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നാണ് ഗാന്ധിയനായ താൻ കരുതുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. ഗാന്ധിമാർഗം സ്വീകരിച്ച വ്യക്തി സുപ്രീംകോടതി വിധി പാലിക്കുകയാണ് വേണ്ടതെന്നും രക്തച്ചൊരിച്ചിൽ ഉണ്ടാക്കാനല്ല, ഒഴിവാക്കാനാണ് രാജ്യത്ത് നിയമങ്ങൾ ഉണ്ടാക്കുന്നതെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. തുടർന്ന് ഹർജിയിലെ നടപടി തുടരേണ്ടതുണ്ടോയെന്നും ആരാഞ്ഞു. ഹർജി പിൻവലിക്കുകയാണെന്ന് ഹർജിക്കാരൻ മറുപടി നൽകി. കോടതി അനിവദിക്കുകയും ചെയ്തു.