കൊച്ചി: ഒട്ടേറെ വേദികളിൽ തങ്ങളുടെ ശബ്ദത്തിനും സംഗീതത്തിനും കൂട്ടായ വയലിന്റെ തന്ത്രികൾ നിലച്ചിട്ട് നാളേറെയാവുന്നെങ്കിലും ബാലഭാസ്‌കർ സഹപ്രവർത്തകർക്കിന്നും വിങ്ങുന്ന ഓർമ്മയാണ്. അവരിൽ ചിലരുടെ വാക്കുകളിലൂടെ
സംഗീതത്തിലൂടെ ജീവിക്കുന്നു: സ്റ്റീഫൻ ദേവസി
മരണത്തിന് ശേഷവും ബാലുവിന്റെ സംഗീതം ആളുകളിലേക്ക് അലയടിക്കുകയാണ്. ബാലുവിന്റെ ഓർമ്മയ്ക്ക് അവനു വേണ്ടി നൽകാൻ കഴിയുന്നത് അവന്റെ സംഗീതത്തിന് ജീവൻ നൽകുക. സംഗീതത്തിലൂടെ അവനെ പുനർജീവിപ്പിക്കുകയാണ്.
ആരാധകർ ഏറ്റുവാങ്ങിയ സംഗീതം: മധു ബാലകൃഷ്ണൻ
സിനിമയിൽ സജീവമല്ലെന്ന ദു:ഖം നികർത്തിയത് ബാലുവിന്റെ കോൺസേർട്ടുകളിലായിരുന്നു. ബാലുവിന്റെ പരിപാടിയിൽ നിറഞ്ഞ സദസിൽ മാത്രമേ കണ്ടിട്ടുള്ളൂ. രണ്ടുമാസം മുമ്പ് ഡി.എച്ച്. ഗ്രൗണ്ടിൽ നടന്ന പരിപാടി യാദൃശ്ചികമായി ഇതു വഴി കടന്നു പോയപ്പോൾ കേട്ടു. പിന്നീട് സംഗീതം ആസ്വദിച്ച ശേഷമാണ് തിരിച്ചു പോയത്. അത്രയേറെ സംഗീതം കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ ബാലുവിന്റെ വയലിന് കഴിഞ്ഞിരുന്നു. ബാലുവിനെ ഓർക്കാൻ ഒത്തുകൂടിയവർ അവനോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ്.