stephen1
കേരളകൗമുദി എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ ഒരുക്കിയ ബാലസ്മൃതിയിൽ സ്റ്റീഫൻ ദേവസിയുടെ മാസ്മരിക പ്രകടനം

കൊച്ചി: ശ്രുതിയിട്ട് തീരാത്ത ഗാനം പോലെ പാതിയിൽ വിട പറഞ്ഞ വയലിനിലെ പ്രണയഗന്ധർവൻ ബാലഭാസ്കറിന് കൂട്ടുകാർ ഒരുക്കിയ ഗാനാഞ്ജലി കാണികൾക്ക് മറക്കാനാവാത്ത ഓർമ്മ സമ്മാനിച്ചു. പലവട്ടം തന്റെ വയലിനിൽ സംഗീതമഴ പെയ്യിച്ച ഡർബാർ ഹാൾ ഗ്രൗണ്ടിലേക്ക് അദ്ദേഹത്തിന്റെ ആരാധകരായ ആയിരങ്ങൾ ഒഴുകിയെത്തി.

തൃപ്പുണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിന്റെ വിദ്യാർത്ഥികളുടെ ബാൻഡായ ഓംകാറിന്റെ ശ്രീരാഗത്തിലുള്ള എന്തരോ മഹാനുഭാവ്‌ലു എന്ന ത്യാഗരാജ കീർത്തനം വയലിനിൽ വായിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. അവർക്കൊപ്പം സ്റ്റീഫൻ ദേവസിയും ബാൻഡും ചേർന്നു. തങ്ങളുടെ ഗാനാഞ്ജലി തുടങ്ങുന്നതിന് തൊട്ടു മുമ്പ് സ്റ്റീഫനും കൂട്ടരും തീർത്ത ഈണത്തിന്റെ അകമ്പടിയിൽ ബാലുവിന്റെ ചിത്രത്തിന് മുന്നിൽ കൂട്ടുകാരും ആരാധകരും മെഴുകുതിരി വെളിച്ചം തെളിച്ചു.

വിരഹത്തിന്റെ നൊമ്പരം അനുഭവിപ്പിച്ച കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ഗാനം വിധുപ്രതാപ് ആദ്യം ആലപിച്ചു. തുടർന്ന് ഗായിക രാജലക്ഷ്മിയുടെ ബാലഭാസ്കർ 'ഈണമിട്ട ഒന്നിനുമല്ലാതെ' എന്ന പ്രണയഗാനം. ഇടയ്ക്ക് ബാലുവിന്റെ ആൽബം സോംഗായ 'എണ്ണക്കറുപ്പിൻ ഏഴഴക്' ഗാനം ആലപിച്ച പ്രദീപ് സോമസുന്ദരം ബാലുവിനെ അനുസ്മരിച്ചതിന്റെ വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികൾ ബാലഭാസ്കറിനായി ഒരുക്കിയ ആദരാഞ്ജലി ഗാനങ്ങളായി അവതരിപ്പിച്ചു.

ഗായിക ഷൈഖ ബാലുവിന്റെ നിലാമഴ എന്ന ഗാനം അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിച്ചു. തുടർന്ന് കൂട്ടുകാരന് ഏറ്റവും പ്രിയപ്പെട്ട എ.ആർ റഹ്മാന്റെ കണ്ണാളനേ എന്ന ഗാനം ഗായിക രാധിക നാരായൺ പാടി.

ബാലുവിനൊപ്പം ഡർബാർ ഗ്രൗണ്ടിൽ അവതരിപ്പിച്ച പരിപാടികൾ ഓർത്തു കൊണ്ടാണ് സ്റ്റീഫൻ വേദിയിലെത്തിയത്. ബാലുവിന്റെ സ്വന്തം ബാൻഡായ ബിഗ്ബാൻഡിലെയും തന്റെ ബാൻഡായ സോളിഡിലെ കലാകാരന്മാരെ സ്റ്റീഫൻ കാണികൾക്ക് പരിചയപ്പെടുത്തി. ബാലുവിന്റെ ബാൻഡിലെ ഡ്രം പ്ളെയർ ഷിബു സാമുവൽ,​ ബേസ് ഗിറ്റാറിസ്റ്റ് വില്യംസ് എന്നിവരുടെ ഗാനാലാപന കഴിവിനും വേദിയൊരുക്കി സ്റ്റീഫൻ.

16ാം വയസ് മുതൽ ബാലഭാസ്കറിനൊപ്പം പാടാനാരംഭിച്ച ഇഷാൻ ദേവ് തങ്ങളുടെ കോളേജ് ബാൻഡായ 'കൺഫ്യൂഷൻ"ന്റെ തുടക്കകാലം ഓർത്തെടുത്തു. ആദ്യ ഗാനമായിരുന്ന ആരു നീ ഓമലേ, ബാലഭാസ്കറിന്റെ പ്രണയകാലത്ത് ഈണമിട്ട എൻ നെഞ്ചിലെ എന്നീ ഗാനങ്ങളാണ് ആലപിച്ചത്. തുടർന്ന് ഗായകൻ സിദ്ധാർത്ഥ് മേനോൻ ബാലഭാസ്കറിനായി അഭി ദഡ്ക്കൻ മേരി എന്ന ഗാനം ആലപിച്ചു.

പിന്നീട് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയ കലാകാരനായി ഗാനങ്ങൾ അവതരിപ്പിച്ചു. പിന്നീട്, ഇഷാനും രാധികയും ചേർന്ന് ബാലുവിനായി താരാപഥം ചേതോഹാരം ഫ്യൂഷൻ ഗാനമായി ആസ്വാദകരിലേക്ക് പെയ്തിറങ്ങി. തുടർന്ന് സ്റ്റീഫൻ ദേവസിയുടെ മിനുട്ടുകൾ നീണ്ട ഫ്യൂഷൻമേളയോടെ സംഗീതാസന്ധ്യയ്ക്ക് അവസാനമായി.