ഏലൂർ: വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ ഗുണ്ടാ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. കൂനം പറമ്പിൽ രാധാകൃഷ്ണ(36) വടിവാൾ സുലൈമാൻ (53), ബോസ്‌കോ കോളനിയിലെ പുന്നൂസ് എന്ന ശരത് കുമാർ (24), വിടാക്കുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊട്ടക്കണ്ണൻ എന്ന സൂര്യ (23) എന്നിവരാണ് അഴിക്കുള്ളിലായത്. കൊലപാതക കേസുകളിലടക്കം പ്രതികളാണിവർ. കളമശേരി ഗ്ലാസ് കോളനിയിൽ താമസിക്കുന്ന വ്യാപാരിയെയാണ് ഇവർ തട്ടിക്കൊണ്ട് പോയത്.
പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലക്കേസിൽ കേസിൽ രാധാകൃഷ്ണന്റെ സംഘാംഗമായ അനസിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പൊലീസിനെ സഹായിച്ച ഹമീദ് എന്നയാളെ പിടിക്കാൻ പൊലീസിനെ സഹായിച്ചില്ലെന്നാരോപിച്ചാണ് കളമശേരി ഗ്ലാസ് കോളനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ട്‌പോയത്. ഇവരുടെ തടവിൽ നിന്നും രക്ഷപ്പെട്ട അബ്ദുൾ സലാമിന്റെ പരാതിയിലാണ് ഏലൂർ പൊലീസ് കേസെടുത്തത്. എറണാകുളം അസി. കമ്മിഷണർ കെ ലാൽജി യുടെ നിർദ്ദേശാനുസരണം പാലാരിവട്ടം എസ്.ഐ സനൽ, ഏലൂർ എസ് ഐ നെൽസൺ ജോർജ്, എ എസ് ഐമാരായ ജെയിംസ്, ജോസഫ് കടുത്തൂസ് , സീനിയർ സി.പി.ഒ മാരായ സന്തോഷ്, അരുൺ, സി.പി.ഒ മാരായ സുരേഷ്, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.