high-court-on-sabarimala

കൊച്ചി : ശബരിമലയിലെ സംഘർഷത്തിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വാക്കാൽ നിർദേശിച്ചു. യുവതീ പ്രവേശന കാര്യത്തിൽ സംഘർഷമുണ്ടാക്കിയത് പൊലീസാണെന്നും ഇവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശി എസ്. ജയകുമാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ശബരിമലയ്ക്ക് പോയ പന്തളം സ്വദേശി ശിവദാസൻ എന്ന ഭക്തൻ മരിച്ചത് പൊലീസ് മർദ്ദനത്തെ തുടർന്നാണെന്ന് ഹർജിക്കാരൻ വാദിച്ചു. ഇത് അപകട മരണമെന്നാണ് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞതെന്ന് കോടതി അഭിപ്രായപ്പെട്ടു. വെറുതേ കോടതിയെ സംഘർഷത്തിൽ ഉൾപ്പെടുത്തരുതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യവും ഹൈക്കോടതി അനുവദിച്ചില്ല.ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച് കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.