pvanwar
അനധികൃത നിർമ്മാണം

കൊച്ചി : പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവിന്റെ ഭൂമിയിലെ തടയണയിൽ നിന്ന് വെള്ളം ഒഴുക്കിക്കളയണമെന്ന ഇടക്കാല ഉത്തരവിൽ സർക്കാർ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തടയണയിലെ വെള്ളം ഒഴുക്കിക്കളഞ്ഞോ ? ആരാണ് ഇതിന് മേൽനോട്ടം വഹിച്ചത് ? എന്നീ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. മലപ്പുറത്തെ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടർ തീം പാർക്കും അനധികൃതമായാണ് നിർമ്മിച്ചതെന്നും ഇവ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ആൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹർജിയിൽ തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ ജൂലായ് പത്തിനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. വെള്ളം ഒഴുക്കി കളഞ്ഞെന്ന് മലപ്പുറം കളക്ടർ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

തടയണ പൊളിക്കാൻ കഴിഞ്ഞ ഡിസംബർ 12ന് ജില്ലാ കളക്ടറും ഉത്തരവിട്ടതാണ്. ഇതിനെതിരെ ഭൂവുടമയും അൻവർ എം.എൽ.എയുടെ ഭാര്യാപിതാവുമായ അബ്ദുൾ ലത്തീഫ് നൽകിയ ഹർജിയിൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുടിവെള്ള സ്രോതസായ അരുവിയിലെ ഒഴുക്ക് തടഞ്ഞു നിറുത്തിയാണ് തടയണ നിർമ്മിച്ചതെന്ന് രാജന്റെ ഹർജിയിൽ ആരോപിച്ചിരുന്നു. തടയണയിൽ വെള്ളം കെട്ടി നിറുത്തിയത് പ്രളയ സമയത്ത് അപകട ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ഒഴുക്കിക്കളയാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.