മൂവാറ്റുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അവശതയനുഭവിക്കുവർക്കായി ഒരു നേരം ആഹാരം എത്തിക്കുവാൻ സ്‌നേഹം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന 'ഒരു നേരം ആഹാരം എല്ലാവർക്കും' എന്ന പദ്ധതിയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു. പദ്ധതിയുടെ തുടക്കത്തിൽ നഗരത്തിൽ സ്‌നേഹം ട്രസ്റ്റ് പ്രവർത്തകർ ഇരുചക്രവാഹനത്തിൽ മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും ഭക്ഷണം നേരിട്ട് എത്തിക്കുകയായിരുന്നു. പിന്നീട് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ നഗരത്തിലെ പൊലീസ് എയ്ഡ്‌പോസ്റ്റിൽ നിന്ന് ഒരുനേരം ആഹാരം എല്ലാവർക്കും പദ്ധതി നടപ്പാക്കി.
വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന നഗരസഭയുടെ അനാഥമന്ദിരം സ്‌നേഹം ട്രസ്റ്റ് പ്രവർത്തകർ ഏറ്റെടുത്ത് നവീകരിച്ച് സുമനസുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നു. സ്‌നേഹം ട്രസ്റ്റിന്റെ 'സ്‌നേഹവീട്' കേന്ദ്രീകരിച്ച് ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർദ്ധനരായ നൂറോളം പേർക്ക് ദിവസവും ഭക്ഷണമായും മരുന്നായും വസ്ത്രമായും കുടിവെള്ളമായും എത്തുന്നുണ്ട് സ്‌നേഹം ട്രസ്റ്റ് പ്രവർത്തകർ. സ്‌നേഹത്തണൽ എന്നപേരിൽ നടപ്പാക്കുന്ന പദ്ധതി കച്ചേരിത്താഴത്ത് പൊലീസ് എയ്ഡ്‌പോസ്റ്റിനോടു ചേർന്ന ബദാംമരച്ചുവട്ടിൽ ബോക്‌സ് സ്ഥാപിച്ച് ഏതുസമയത്തും ആളുകൾക്ക് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവരുന്നു.
സ്‌നേഹവീട്ടിൽ ഒട്ടേറെ അഗതികളായ സ്ത്രീകൾക്ക് മൂന്ന് വർഷത്തോളമായി അഭയം നൽകിവരുന്നു. നഗരത്തിൽ തെരുവിലറങ്ങുന്ന പരാശ്രയമില്ലാതെ കഷ്ടപ്പെടുവരെ വിവിധ റീഹാബിലിറ്റേഷൻ സെന്ററുകളിൽ എത്തിക്കുന്ന പദ്ധതിയും ട്രസ്റ്റ് നടത്തിവരുന്നുണ്ട്. അഞ്ചുവർഷം പൂർത്തീകരിച്ച തെരുവിലെ പൊതിച്ചോർ വിതരണം കൂടുതൽ മികച്ചരീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും ഏകദേശം അഞ്ഞൂറോളം പേർക്ക് ഭക്ഷണം നൽകി. മരുന്നുവാങ്ങാൻ സാമ്പത്തികമായി കഷ്ടപ്പെടുന്ന ആളുകൾക്ക് സൗജന്യമായി മരുന്നുകൾ നൽകുവാനും സ്‌നേഹത്തണൽ പദ്ധതിയിലൂടെ തുടക്കം കുറിക്കുകയാണ്. വരും നാളുകളിൽ വനിതകൾക്ക് സ്വയംതൊഴിൽ നൽകുവാനും നിർദ്ധനായ കുട്ടികളുടെ പഠനച്ചിലവുകൾ ഏറ്റെടുക്കുവാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ട്രസ്റ്റ് ചെയർമാൻ പി. വിജയകുമാർ പറഞ്ഞു.
ട്രസ്റ്റ് വൈസ് ചെയർപേഴ്‌സൺ പി. തങ്കമണി, ട്രസ്റ്റ് സെക്രട്ടറി ജിമ്മി ഏലിയാസ്, പ്രസിഡന്റ് കെ.ബി. ബിനീഷ്‌കുമാർ, ബോർഡ് മെമ്പർമാരായ സൂരജ് ഹരിദാസ്, വിദുരാജ് എം.എസ്. തുടങ്ങിയവർ പങ്കെടുത്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്‌നേഹം ട്രസ്റ്റിന്റെ ഭക്ഷണവിതരണം ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ് ഡോ. സതീശൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി. സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വാളണ്ടിയർമാരായി ഭക്ഷണവിതരണം നടത്തി.