metro
മെട്രോ സ്‌റ്റേഷൻ പരിസരത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ കെ.എം.ആർ.എൽ ഉദ്യോഗസ്ഥരോട് പരാതിക്കാർ കാര്യങ്ങൾ വിശദീകരിക്കുന്നു

ആലുവ: ആലുവ ബൈപ്പാസിലെ കച്ചവടക്കാരെ ദുരിതത്തിലാക്കിയ വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയപാതയ്ക്ക് കുറുകെ കാനയിലൂടെ വലിച്ച കേബിളുകൾ നീക്കാൻ നടപടിയെടുക്കണമെന്ന് കെ.എം.ആർ.എൽ, നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. മെട്രോ സ്‌റ്റേഷന് സമീപം പിന്നിലെ ബ്രിഡ്ജ് റോഡിൽ ബൈപ്പാസ് കവലയിലെ വെള്ളക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ആവശ്യപ്രകാരം കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയ ശേഷമാണ് നിലപാട് വ്യക്തമാക്കിയത്.

മെട്രോ സ്‌റ്റേഷൻ വന്നതിന് ശേഷമാണ് വെള്ളക്കെട്ട് വ്യാപകമായതെന്ന് സമീപത്തെ വ്യാപാരികൾ ആരോപിച്ചിരുന്നു. സ്റ്റേഷന് മുൻവശത്തുകൂടെ കടന്നുപോകുന്ന കാനയുടെ ഉയരം കുറിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് നഗരസഭാ സെക്രട്ടറി പ്രശ്‌നപരിഹാരത്തിനായി മെട്രോയ്ക്ക് കത്ത് നൽകിയത്. നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ എം.ഡിയുടെ നിർദ്ദേശപ്രകാരം ചന്ദ്രബാബു, ബഷിർ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബാങ്ക് കവലയിൽ നിന്ന് വരുന്ന കാനയിലൂടെയുള്ള ഒഴുക്ക് മെട്രോ സ്‌റ്റേഷൻ ഭാഗത്ത് തടസപ്പെടുന്നതാണ് വെള്ളക്കെട്ടുണ്ടാക്കുന്നത്. ബാങ്ക് കവലയിൽ നിന്ന് പെരിയാറിലേക്ക് വെള്ളം ഒഴുകിയിരുന്ന കാനയിലാണ് തടസങ്ങളുണ്ടായത്. കാനയിലൂടെയും, കാന മുറിച്ചുകടന്നും കേബിളുകൾ പോകുന്നതിനാൽ വെള്ളം തീരെ ഒഴുകാതായി. വാർഡ് കൗൺസിലർ എം.ടി.ജേക്കബ്, പരാതിക്കാരായ അബ്ദുൽ ഹമീദ്, എം.എം.ഹൈദ്രോസ് കുട്ടി, അബ്ദുൽ സലാം, എം.എം.നൗഷാദ്, ഹനീഫ ഞറളക്കാടൻ, സണ്ണി, ദാവൂദ് ഖാദർ, അബ്ദുൽ റബ്ബ്, സിദ്ദിക്ക് എന്നിവരും ഉണ്ടായിരുന്നു.