നെടുമ്പാശേരി: പ്രളയം തകർത്ത ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ കപ്രശേരി കുറുവപ്പള്ളം ഭാഗം നവീകരിക്കണമെന്ന ആവശ്യം ശക്തമായി. കോൺക്രീറ്റ് ഭിത്തി ഇരുപത് മീറ്ററോളം തകർന്നതിനാൽ പമ്പിംഗിന് സാധിക്കാത്ത സാഹചര്യമാണ്. ഇതുമൂലം കനാൽ വെള്ളം ആശ്രയിച്ച് കൃഷി നടത്തുന്ന പുറയാർ, നെടുവന്നൂർ, കപ്രശേരി ഭാഗത്തെ കൃഷിക്കാർ ദുരിതത്തിലാണ്. കനാലിൽ വെള്ളമില്ലാത്തത് കിണറുകളിലെ കുടിവെള്ളത്തെയും ബാധിച്ചുതുടങ്ങി.
കേരള കർഷകസംഘം ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റിനെയും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിനെയും സമീപിച്ചുവെങ്കിലും ഇരുകൂട്ടരും പരസ്പരം പഴിചാരുകയാണെന്ന് സമരക്കാർ ആരോപിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.എം. സലിം ഉദ്ഘാടനം ചെയ്തു. എം.വി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി പി.ജെ. അനിൽ, ടി.എ. ഇബ്രാഹിം കുട്ടി, പി.ആർ. രാജേഷ്, കെ.വി. ഷാലി, ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ജനകീയ ധർണ മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ടി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. സുമേഷ്, മെമ്പർമാരായ ലത ഗംഗാധരൻ, പി.എൻ. സിന്ധു, മിഥുൻ ചെങ്ങമനാട്, സരസ്വതി ഗോപാലകൃഷ്ണൻ, ജയൻ ദേശം, ലത നെടുവന്നൂർ, സതി കപ്രശ്ശേരി, കമലം ടീച്ചർ, പ്രസന്നകുമാർ, വിനോദ് കണ്ണിക്കര, സേതുരാജ് ദേശം, ലത രവി, ഒ.സി. ഉണ്ണി, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.