കൊച്ചി: ഭക്തരേയും മാദ്ധ്യമ പ്രവർത്തകരേയും തടഞ്ഞ് ശബരിമലയെ പൊലീസ് വലയത്തിലാക്കി ജനാധിപത്യ ധ്വംസനമാണ് സർക്കാർ നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതി യോഗം ആരോപിച്ചു.ആചാര ലംഘനശ്രമങ്ങളെ സമാധാനപരമായ രീതിയിൽ ഭക്തജനങ്ങൾ നേരിടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭക്തജനങ്ങളുടെ വികാരം ഉൾക്കൊണ്ട് ആചാരലംഘനം ഉണ്ടാകാതിരിക്കാനും പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഭക്തർക്ക് ദർശനവും ആചാരനുഷ്ടാനങ്ങളും നടത്താനുള്ള സൗകര്യങ്ങൾ ശബരിമലയിൽ ഒരുക്കണം. അതിനാവശ്യമായ നിയമ നിർമ്മാണം നടത്താനും സർക്കാർ തയ്യാറാകണം.
സുപ്രിം കോടതി വിധിയിലൂടെ കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെ ഹനിച്ചു ആചാരലംഘനം നടത്തുകയെന്ന സി.പി.എം അജണ്ട നടപ്പാക്കാൻ പൊലീസ് സംവിധാനത്തെ ദുരുപയോഗിക്കുകയാണ്. സമാധാനപരമായി നാമജപം നടത്തിയ അയ്യപ്പഭക്തരെ അക്രമിക്കുകയും 3600 ൽപ്പരം പേരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു.
പ്രായ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നു മാത്രമാണ് വിധിയെങ്കിലും യുവതികൾക്ക് സംരക്ഷണം കൊടുത്തു സന്നിധാനത്ത് പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.