മരട്: ദൈവദാസൻ ജോർജ് വാകയിലച്ചന്റെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി നടന്ന നേർച്ച സദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. കുർബാനയ്ക്കുശേഷം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിച്ചതോടെയാണ് നേർച്ചസദ്യ തുടങ്ങിയത്. കൂനമ്മാവിൽ നിന്നെത്തിയ വാകയിലച്ചന്റെ കുടുംബാംഗങ്ങൾക്ക് ആദ്യം വിളമ്പി. ഒട്ടേറെ പ്രമുഖർസംബന്ധിച്ചു.
ആചരണത്തിന്റെ ചെലവ് ചുരുക്കി സ്വരൂപിക്കുന്ന തുകകൊണ്ട് നിർമിച്ചു നൽകുന്ന അനുഗ്രഹഭവനങ്ങളുടെ അടിസ്ഥാനശില ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശിർവദിച്ചു. വാകയിലച്ചന്റെ ഭൗതികശരീരം അടക്കംചെയ്തിട്ടുള്ള സ്മൃതികുടീരത്തിലേക്കും വിശ്വാസികളുടെ ഒഴുക്കായിരുന്നു. രാത്രി പത്തുവരെനീണ്ട നേർച്ച സദ്യയിൽ നാൽപ്പതിനായിരത്തോളം പേർ സംബന്ധിച്ചു. നേർച്ചപ്പായസ പാക്കറ്റുകളും വിതരണംചെയ്തു. സെമിത്തേരി കപ്പേളയിൽനടന്ന കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, ഫാ. ആന്റണി ലിജോ ഓടത്തക്കൽ എന്നിവർ കാർമികത്വം വഹിച്ചു. ആചരണത്തിന് ഫാ. ജോസഫ് ചേലാട്ട്, ജനറൽ കൺവീനർ ബാബു തോഷ്ണാശേരി തുടങ്ങിയവർ നേതൃത്വം നൽകി.