mvpa-116
ആയവന ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി കോളനിയിലേക്കുള്ള റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ വെമ്പിള്ളി കോളനിയിലേക്ക് യാത്ര സൗകര്യമൊരുങ്ങുന്നു. ആയവന ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ പേരമംഗലത്തെ കോളനിയിലേക്കുള്ള നടപ്പാതയാണ് റോഡായി മാറുന്നത്.

റോഡ് നിർമ്മാണത്തിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം.അലിയാർ, വാർഡ് മെമ്പർ ബേബി കുര്യൻ, ജോളി പൊട്ടയ്ക്കൽ, പേരമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. രാജപ്പൻ, കെ.ആർ. രാജൻ, രതീഷ് മുരളി, വി.എം. തോമസ്, ജോസ് വെട്ടിയാങ്കൽ എന്നിവർ സംസാരിച്ചു. റോഡിന്റെ കോൺക്രീറ്റിംഗിന് 10ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. അലിയാരും പറഞ്ഞു.

42കുടുംബങ്ങൾ താമസിക്കുന്ന വെമ്പിള്ളി കോളനിയിലേയ്ക്ക് ഇടുങ്ങിയ നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. വൈദ്യുതിയും കുടിവെള്ളവും എത്തിയിട്ടും കോളനിയിലേക്കുള്ള റോഡ് നിർമ്മാണം സാങ്കേതികത്വത്തിൽ തട്ടി അനന്തമായി നീളുകയായിരുന്നു. കോളനിനിവാസികൾക്ക് രോഗംവന്നാൽ ഇടുങ്ങിയ നടപ്പാതയിലൂടെ ചുമന്ന് വേണം റോഡിലെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ. കെട്ടിടം നിർമ്മിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുള്ള സാധനങ്ങളെല്ലാംതന്നെ ചുമന്നാണ് കോളനിയിലേയ്ക്ക് എത്തിച്ചിരുന്നത്. തിരെഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിച്ച് കോളനിയിലെത്തിയ എൽദോ എബ്രഹാമിനോട് കോളനി നിവാസികളുടെ പ്രധാന ആവശ്യവും റോഡുമായി ബന്ധപ്പെട്ടതായിരുന്നു. എം.എൽ.എ ആയശേഷം എൽദോ എബ്രഹാമിന്റെയും മുൻപഞ്ചായത്ത് പ്രസിഡന്റ് ജോളി പൊട്ടയ്ക്കലിന്റെയും നേതൃത്വത്തിൽ കോളനി നിവാസികളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരുകയും റോഡിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം വിട്ട് കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചിരുന്നു. തുടർന്ന് സ്വകാര്യ വ്യക്തിയുടെ നാലര സെന്റ് സ്ഥലം കോളനിവാസികളുടെ സഹായത്തോടെ വിലയ്ക്ക് വാങ്ങുകയായിരുന്നു. പത്തടി വീതിക്കാണ് കോളനിയിലേയ്ക്കുള്ള റോഡ് നിർമിക്കുന്നത്.