കൊച്ചി : ശബരിമലയിൽ പ്രതിഷേധ സമരത്തിനിടെ വാഹനങ്ങൾ അടിച്ചുതകർത്ത പൊലീസുകാരുടെ പേരു വിവരങ്ങളും ഇവർക്കെതിരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കി ഡി.ജി.പി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസ് അതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ദേവസ്വം ഡിവിഷൻ ബെഞ്ച് നിർദ്ദേശം. ഹർജികൾ 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ അതിക്രമങ്ങൾക്കിടെ പൊലീസ് ഇരുചക്ര വാഹനങ്ങളും ആട്ടോറിക്ഷകളും തല്ലിത്തകർക്കുന്നതിന്റെ ഫോട്ടോകൾ ഹർജിക്കാർ ഹാജരാക്കിയിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ എന്തു നടപടിയെടുത്തെന്ന് സ്റ്റേറ്റ് അറ്റോർണിയോട് കോടതി ആരാഞ്ഞു. ഡി.ജി.പി ഇക്കാര്യം ഐ.ജി മുഖേന പരിശോധിക്കുകയാണെന്നും തുടർ നടപടിയുണ്ടാകുമെന്നും അറ്റോർണി മറുപടി നൽകി.
ശബരിമലയിൽ അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് ഫോട്ടോയും വീഡിയോയും ഉപയോഗിച്ചതുപോലെ അക്രമം നടത്തിയ പൊലീസുകാരെ കണ്ടെത്താൻ ഭക്തർ പകർത്തിയ ചിത്രങ്ങൾ വിനിയോഗിക്കാം. പൊലീസ് നടപടി ശബരിമലയിലെ കൃത്യ നിർവഹണത്തിന്റെ ഭാഗമല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. വാഹനങ്ങൾ അടിച്ചു തകർക്കുന്നത് ഡ്യൂട്ടി നിർവഹിക്കലല്ല.
ശബരിമലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിലും ഗുണ്ടകളെ പിടികൂടുന്നതിലും ആർക്കും എതിർപ്പില്ല. ഇതിന്റെ പേരിൽ യഥാർത്ഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. മറ്റുള്ളവരുടെ വസ്തുക്കൾ നശിപ്പിക്കാൻ പൊലീസിന് അധികാരമില്ല.ഇത്തരക്കാർ സർവീസിൽ തുടരാൻ അർഹരാണോയെന്ന് പരിശോധിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
മാദ്ധ്യമ വിലക്ക് നടപടികൾ മറയ്ക്കാനോ?
ശബരിമലയിൽ മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തുന്നത് സർക്കാർ നടപടികൾ മറച്ചുവയ്ക്കാനാണോയെന്ന് സംശയമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. മാദ്ധ്യ-മ വിലക്കുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു സ്റ്റേറ്റ് അറ്റോർണിയുടെ മറുപടി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പ്രവേശനം നിയന്ത്രിച്ചതെന്നും അതു പൂർത്തിയായതോടെ പ്രവേശനം അനുവദിച്ചെന്നും വിശദീകരിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ റിപ്പോർട്ട് ചെയ്യാനും മാദ്ധ്യമങ്ങളെ അനുവദിക്കേണ്ടിയിരുന്നെന്നും സുരക്ഷയുടെ പേരിൽ ഭക്തർക്കും മാദ്ധ്യമങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാവരുതെന്നും കോടതി പറഞ്ഞു. നവംബർ മൂന്നു മുതൽ അഞ്ച് വരെ ശബരിമലയിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ജനം ടി.വിയുടെ ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവടക്കം രണ്ടുപേർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.