ആലുവ: പിന്നാക്ക ജനവിഭാഗങ്ങൾക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യൻകാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ 125-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രക്ക് മുന്നിൽ അയ്യൻകാളി നടത്തിയ വില്ലുവണ്ടിയാത്രയെ അനുസ്മരിപ്പിക്കുന്ന വില്ലുവണ്ടിയുണ്ടായിരുന്നു.
കെ.പി.എം.എസ് ആലുവ യൂണിയൻ സംഘടിപ്പിച്ച റാലിയിൽ യൂണിഫോം ധാരികളായ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തുടർന്ന് ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ യൂണിയൻ പ്രസിഡന്റ് കെ.കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം രവി വെളിയത്തുനാട്, സെക്രട്ടറി എ. സുരേന്ദ്രൻ, സാജു തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.