kerala-high-court

കൊച്ചി : ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നും ദേവസ്വം ബോർഡിനു മേൽ അധികാരം സ്ഥാപിക്കാൻ സർക്കാരിന് കഴിയില്ലെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ക്രമസമാധാനപാലനം സംബന്ധിച്ച കാര്യങ്ങളിൽ മാത്രമാണ് സർക്കാരിന് ഇടപെടാനാവുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാര്യങ്ങളിൽ സർക്കാർ അന്യായമായി ഇടപെടുന്നെന്ന് ആരോപിച്ച് ചെന്നൈ സ്വദേശി ടി.ആർ. രമേശ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ദേവസ്വം ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ച ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കാൻ മാറ്റി.

മതസൗഹൃദം തകർക്കാൻ ശ്രമിക്കരുതെന്ന്

ജാതി മത വ്യത്യാസമില്ലാതെ എല്ലാവർക്കും കടന്നുചെല്ലാൻ കഴിയുന്ന ക്ഷേത്രമാണ് ശബരിമലയെന്നും ഇതിന്റെ പേരിൽ മത സൗഹൃദം തകർക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നും ഭക്തർക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് തൃശൂർ ഉൗരകം സ്വദേശി ഗോപിനാഥൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇതു പറഞ്ഞത്. നേരത്തെ ടി.ജി. മോഹൻദാസിന്റെ ഹർജിയിൽ ഇക്കാര്യം പറഞ്ഞതാണെന്നും ഡിവിഷൻ ബെഞ്ച് ഒാർമ്മപ്പെടുത്തി. ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി.