mvpa-117
മുളങ്കുറ്റിയിൽ വിത്തുകൾ നിറച്ച് ഒരു പ്രത്യേക ദ്വാരത്തിലൂടെ കടത്തിവിട്ട് ശൂന്യതയിൽ നിന്ന് മഴയുടെ ശബ്ദം കാതോർക്കാന്നുന്ന ഉപകരണം കുട്ടികൾ പ്രദർശിപ്പിക്കുന്നു

മൂവാററുപുഴ: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന എറണാകുളം മേഖല വൊക്കേഷണൽ എക്സ്പോയിൽ ഈസ്റ്റ് മാറാടി ഗവ. വി.എച്ച് എസ് സ്കൂളിന്റെ സ്റ്റാൾ ശ്രദ്ധേയമായി. എറണാകുളം കോട്ടയം ജില്ലകളിലെ 65 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. നാവിൽ രുചിയൂറുന്ന വിഭവങ്ങൾ, നൂതന കൃഷിരീതികൾ, ഉത്പാദന രീതികൾ എന്നിവ മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

മുളങ്കുറ്റിയിൽ വിത്തുകൾ നിറച്ച് ഒരു പ്രതേക ദ്വാരത്തിലൂടെ കടത്തിവിട്ട് ശൂന്യതയിൽ നിന്ന് മഴയുടെ ശബ്ദം കാതോർക്കാന്നുന്ന ഉപകരണം മേളയിലെ താരമായിരുന്നു. യഥാർത്ഥ മഴയുടെ താളവും ഓളവും കാതോർത്തവർ കഴിഞ്ഞ പ്രളയത്തെ ഓർത്തുപോയി. നൂറ് പശുക്കളെ വളർത്തുന്ന ഹൈടെക്ക് ഡയറി ഫാമിനെ നിയന്ത്രിക്കാവുന്ന ഇലക്ട്രോണിക് ഉപകരണവും കുറഞ്ഞ ചെലവിൽ അതിസൂക്ഷ്മജീവികളെ കാണുന്ന മൈക്രോസ്കോപ്പിനെ കാമറയുടെയും ഡിസ്പ്ളേയുടെയും സഹായത്താൽ ഒരേ സമയം ഒരായിരം പേർക്ക് കാണാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ മൈക്രോസ്കോപ്പും വിദ്യാർത്ഥികൾ തയ്യാറാക്കിയ രാസവസ്തുക്കൾ ഇല്ലാത്ത തനി നാടൻ അച്ചാറുകളും വാഴപ്പിണ്ടി, മാങ്ങ, കൈതച്ചക്ക, ചാമ്പക്ക, നെല്ലിക്ക, കാന്താരിമുളക് തുടങ്ങിയവ ഉപ്പിലിട്ടതും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട പച്ചക്കറി തൈകളും വിത്തുകളും ജൈവവളവും ജൈവകീടനാശിനികളും ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു, പി ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, ഡോ. അബിത രാമചന്ദ്രൻ, സമീർ സിദ്ദീഖി. പി, പൗലോസ്.ടി, വിനോദ് ഇ.ആർ, ചിത്ര തുടങ്ങിയവർ എക്സ്പോക്ക് നേതൃത്വം നൽകി.