kerala-high-court

കൊച്ചി : ശബരിമലയിലേക്ക് ദിവസക്കൂലിക്ക് ആളുകളെ നിയമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ. ജി. കമ്മത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. താത്കാലിക ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ബോർഡ് വിജ്ഞാപനമിറക്കിയിരുന്നു. ഇന്റർവ്യു തീയതിയും നിശ്ചയിച്ചു. എന്നാൽ മാനദണ്ഡമോ മാർഗനിർദേശങ്ങളോ പാലിക്കാതെ സ്വേച്ഛാപരമായാണ് നിയമനം നടത്തുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

നിയമന നടപടികൾ സുതാര്യമല്ല. ഇതിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ശബരിമലയിൽ സേവനം എന്ന നിലയിൽ പ്രവർത്തിക്കാൻ അയ്യപ്പ ഭക്തർക്ക് അവസരം നൽകുകയോ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി തിരഞ്ഞെടുക്കുകയോ ആണ് വേണ്ടതെന്നും ഹർജിക്കാരൻ പറയുന്നു. നിയമന നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.