കൊച്ചി : ശബരിമലയിലെ സുരക്ഷാ നടപടികൾ സുപ്രീം കോടതി വിധിയുടെയും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ 17ന് പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം ഭജനയിരുന്ന തനിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായെന്നും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഫോർട്ടുകൊച്ചി സ്വദേശിനി സരോജം സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കവെയാണ് സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം ബോധിപ്പിച്ചത്.
ശബരിമലയിൽ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. പൊലീസ് അതിക്രമത്തെക്കുറിച്ച് ദേവസ്വം ഒാംബുഡ്സ്‌മാൻ അന്വേഷിക്കണമെന്ന ഹർജിയിലെ മറ്റൊരു ആവശ്യം പ്രായോഗികമല്ലെന്നും ഇത് തന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയമാണെന്നും ഒാംബുഡ്‌സ്മാൻ മറുപടി നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്ത ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡ് സ്റ്റേറ്റ്മെന്റ് നൽകാൻ നിർദേശിച്ചു. നഷ്ടപരിഹാരം തേടി ഉചിതമായ നിയമ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.