mvpa26
മഹാപ്രളയത്തിൽ വ്യാപാരികൾക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നു

മൂവാറ്റുപുഴ: മഹാപ്രളയത്തിൽ വ്യാപാരി സമൂഹത്തിനുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടങ്ങി. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വെള്ളം കയറി നഷ്ടം സംഭവിച്ച മൂവാറ്റുപുഴയിലെ കടകളിൽ നിന്ന് വിവരശേഖരണം നടത്തിയത്. മൂവാറ്റുപുഴയിൽ 1250ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. 90കോടിയോളം രൂപയുടെ നഷ്ടമാണ് വ്യാപാരി സമൂഹത്തിനുണ്ടാത്. ഓണം, ബക്രീദ് മുന്നിൽക്കണ്ട് വ്യാപാരികൾ സമാഹരിച്ച് വച്ച സാധനങ്ങളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്.

വെള്ളപൊക്കത്തെ തുടർന്ന് മൂവാറ്റുപുഴയിലുണ്ടായ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താനായി കഴിഞ്ഞമാസം മൂവാറ്റുപുഴയിലെത്തിയ മന്ത്രി എ.സി. മൊയ്തീന് വ്യാപാരികളുടെ ദുരിതങ്ങൾ ചൂണ്ടിക്കാണിച്ച് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ നിവേദനം നൽകിയിരുന്നു.

മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, താലൂക്ക് വ്യവസായ വകുപ്പ് ഓഫീസർ ഗോപകുമർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് വിവരശേഖരണം നടത്തിയത്. വിവരശേഖരണം തുടരും.