manjappada-protest
മഞ്ഞപ്പട സ്റ്റേഡിയത്തിന് പുറത്ത് നടത്തിയ പ്രതിഷേധറാലി.

സ്‌റ്റേഡിയത്തിൽ പ്രതിഷേധിച്ച് മഞ്ഞപ്പട

കൊച്ചി: ഐ.എസ്.എല്ലിലെ റഫറിമാർക്കെതിരെ വിമർശനവുമായി കേരളബ്ലാസ്‌റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനും കോച്ച് ഡേവിഡ് ജയിംസും രംഗത്തെത്തി.തുടർച്ചയായ രണ്ടാം മത്സരത്തിലും റഫറിയിംഗിലെ പിഴവുകൾ തങ്ങൾക്ക് പാരയായെന്ന വാദവുമായാണ് ഇന്നലെ മത്സരശേഷം ഇരുവരും രംഗത്തെത്തിയത്. ബംഗളൂരുവിനായി സുനിൽ ഛേത്രി നേടിയ ആദ്യ ഗോൾ ഓഫ് സൈഡാണെന്ന് വ്യക്തമായിട്ടും റഫറി ഗോൾ അനുവദിച്ചത് അദ്ഭുതപ്പെടുത്തിയെന്നും ഐ.എസ്.എല്ലിലും വീഡിയോ അസിസന്റ് റഫറിയുടെ സഹായം ഉൾപ്പെടുത്തണമെന്നും ജയിംസ് പറഞ്ഞു. അതേസമയം റഫറിമാർ തെറ്റുകൾ ആവർത്തിക്കുന്നുവെന്നും ഇതിന് ഉടൻ പരിഹാരമുണ്ടാകണമെന്നും ജിങ്കൻ പറഞ്ഞു.

നേരത്തേ പൂനെക്കെതിരായ മത്സരത്തിലെ മോശം റഫറിയിംഗിനെതിരെ സ്റ്റേഡിയത്തിനകത്തും പുറത്തും കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട പ്രതിഷേധിച്ചിരുന്നു. ഐ.എസ്.എൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാരെ നിരീക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്ന ബാനറുകളുമായാണ് ആരാധകർ മത്സരത്തിനെത്തിയത്. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റേഡിയത്തിന് മുൻവശത്തായി ജെ.എൽ.എൻ മെട്രോ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ റാലി നടത്തിയ മഞ്ഞപ്പട, മത്സരത്തിന്റെ രണ്ടാം പകുതിയ്ക്ക് ശേഷം ഗാലറിയിലും ബാനറുമായി പ്രതിഷേധിച്ചു.

നാണക്കേടായി വെളിച്ചക്കുറവ്

കൊച്ചി: ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്സ് - ബംഗളൂരു എഫ്.സി പോരാട്ടത്തിന്റെ ആവേശം ചോർത്തി വെളിച്ചക്കുറവ് വില്ലനായി. സ്റ്റേഡിയത്തിലെ നാല് ഫ്ലഡ്ലൈറ്റുകളിൽ ഒന്നൊഴികെ മറ്റു മൂന്നെണ്ണവും കെട്ടു. തുടർന്ന് മാച്ച് റഫറി ഇടപെട്ട് കളി ഭാഗികമായി നിർത്തി വച്ചു. രണ്ടാം പകുതി തുടങ്ങിയത് നിശ്ചിത സമയത്തിലും അരമണിക്കൂർ വൈകിയായിരുന്നു. എട്ടരയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഒമ്പത് മണിയോടെയാണ് പുനരാരംഭിക്കാനായത്.
28,916 കാണികൾ ആവേശപ്പോരാട്ടം കാണാൻ കൊച്ചിയിലെത്തിയിരുന്നു.