varapuzha
വരാപ്പുഴ പഞ്ചായത്തിലെ ശുദ്ധജല വിതരണ ശൃംഖലയുടെ പുനരുദ്ധാരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കുന്നു. കെ.വി. തോമസ് എം.പി, വി.ഡി. സതീശൻ എം.എൽ.എ., വിജു ചുള്ളിക്കാട്, കെ.എസ് മുഹമ്മദ് തുടങ്ങിയവർ സമീപം

വരാപ്പുഴ: പുഴകളും കായലും തൊട്ടരികിലുണ്ടായിട്ടും കുടിവെള്ളത്തിന് നട്ടം തിരിയുന്ന വരാപ്പുഴ നിവാസികൾക്ക് ഒരു വർഷത്തിനകം സുലഭമായി വെള്ളം ലഭ്യമാക്കാൻ പദ്ധതിയായി. നിലവിലെ ജലവിതരണ ശൃംഖല നവീകരിച്ചും വികസിപ്പിച്ചും കൂടുതൽ വെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. 16.5 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

കിഫ്ബിയുടെ ധനസഹായത്തോടെയാണ് വരാപ്പുഴ പഞ്ചായത്തിലെ ശുദ്ധജല വിതരണ ശൃംഖലയുടെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ശൃംഖല നവീകരിക്കുകയാണ് പ്രധാനമായും ചെയ്യുന്നതെന്ന് കേരള വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

 ഒരു വർഷം കൊണ്ട് പൂർത്തീകരിക്കും

ജലവിതരണ ശൃംഖലയുടെ നിർമാണം 12 മാസത്തിനകം തീർക്കണമെന്ന നിബന്ധനയോടെയാണ് കരാർ. വരാപ്പുഴയിലെ കാലഹരണപ്പെട്ട പൈപ്പുകൾമാറ്റി പുതിയ രൂപകല്പന പ്രകാരമുള്ള പൈപ്പുകൾ സ്ഥാപിക്കും. മണ്ണംതുരുത്തിലെ ജലസംഭരണിയിൽ നിന്ന് മൂന്ന് മേഖലകളാക്കി തിരിച്ച് ജലവിതരണം കൂടുതൽ കാര്യക്ഷമമാക്കും. ഇതുവഴി 30,500 പേർക്ക് പ്രയോജനം ലഭിക്കും. പഞ്ചായത്തിലെ നിലവിലെ ശുദ്ധജല വിതരണ ശൃംഖല 30 വർഷത്തോളം പഴക്കമുള്ളതാണ്.

പെരിയാറാണ് പദ്ധതിയുടെ ജലഉറവിടം. ഏലൂക്കരയിൽ നദീതീരത്ത് സ്ഥാപിച്ച ഇൻടേക്ക് കിണറിൽ നിന്ന് മുപ്പത്തടം ജലശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയ്ത് പുഴവെള്ളം എത്തിക്കും. ഇത് ശുദ്ധീകരിച്ച് മണ്ണംതുരുത്തിലെ ഉന്നത ജലസംഭരണിയിലേക്ക് പമ്പുചെയ്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സ്ഥാപിച്ച ശൃംഖല വഴി വിതരണം നടത്തുകയാണ് നിലവിൽ ചെയ്യുന്നത്.

 മുപ്പത്തടത്തും നവീകരണം

വാഹകശേഷി കുറഞ്ഞതും പഴക്കം ചെന്നതുമായ പൈപ്പുകളിൽ നിരന്തരമുണ്ടാകുന്ന ചോർച്ചകൾ മൂലം പഞ്ചായത്തിലെ പല വാർഡുകളിലും ശുദ്ധജലവിതരണം കാര്യക്ഷമമല്ല. ഇത് പരിഹരിക്കാൻ വരാപ്പുഴ ശുദ്ധജല പദ്ധതിയുടെ വിതരണ ശൃംഖലയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും 2017 ൽ 1650 ലക്ഷം രൂപയുടെ സാങ്കേതിക നിർദ്ദേശവും അടങ്കലും ഉൾക്കൊള്ളുന്ന പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.

പുതിയ രൂപകല്പനയ്ക്ക് അനുസൃതമായ ജലലഭ്യത ഉറപ്പാക്കാൻ മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ ആവശ്യമായ നവീകരണ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി. ടി.ബി.എം.എൽ പ്രോജ്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തത്.

 ബി.പി.എല്ലുകാർക്ക് സൗജന്യം

ബി.പി.എൽ കുടുംബങ്ങൾക്ക് 10 യൂണിറ്റ് (ഒരു മാസം പതിനായിരം ലിറ്റർ) വരെ കുടിവെള്ളം സൗജന്യമായി നൽകും. ബി.പി.എൽ അല്ലാത്ത കുടുംബങ്ങൾക്ക് യൂണിറ്റിന് നാലുരൂപ നിരക്കിലാണ് വിതരണം.

 നിർമ്മാണം ഉദ്ഘാടനം ചെയ്തു

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജലവിഭവമന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, കേരള വാട്ടർ അതോറിറ്റി മദ്ധ്യമേഖലാ ചീഫ് എൻജിനിയർ സ്വാമിനാഥ് പി.എൻ, കൊച്ചി സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ കെ.കെ. അനിൽകുമാർ, എക്‌സിക്യുട്ടീവ് എൻജിനിയർ വി. പ്രീത, കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം അലക്‌സ് കണ്ണമല തുടങ്ങിയവർ സംസാരിച്ചു.