janam-tv

ആലുവ: മരുമകൾ ശബരിമല ദർശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജവാർത്ത നൽകിയെന്നാരോപിച്ച് സി.പി.എമ്മിന്റെ മുൻ വനിത നേതാവ് നൽകിയ പരാതിയെ തുടർന്ന് ജനം ടി.വി ക്കെതിരെ എടത്തല പൊലീസ് കേസെടുത്തു. സി.പി.എം മുൻ ആലുവ ഏരിയ കമ്മറ്റിയംഗവും മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരിമുകൾ തേജസിൽ റഹീമിന്റെ ഭാര്യ ശശികലയാണ് പരാതിക്കാരി.

സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153 പ്രകാരമാണ് കേസെന്ന് ഡിവൈ.എസ്.പി എ.ആർ. ജയരാജ് പറഞ്ഞു. ദർശനത്തിന് ശേഷം തിരികെയെത്തുന്ന മരുമകളെ സ്വീകരിക്കാൻ ശശികല പമ്പയിലേക്ക് തിരിച്ചതായും വാർത്തയിൽ ഉണ്ടായിരുന്നു. പിന്നാലെ ശശികലക്ക് നിരവധി ഭീഷണികൾ ഉണ്ടായി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.ഐ. അരുൺ പറഞ്ഞു.