kuryanjosep
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് ഇൻസ്‌പെയർ പെരുമ്പാവൂർ പദ്ധതി പ്രകാരം നല്‍കുന്ന ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നിർവഹിക്കുന്നു.

പെരുമ്പാവൂർ : മാനവിക സംസ്‌കാരം രൂപപ്പെടുന്നതിനുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിന് അദ്ധ്യാപകർ പ്രാമുഖ്യം നൽകണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾക്ക് ഇൻസ്‌പെയർ പെരുമ്പാവൂർ പദ്ധതി പ്രകാരം നൽകുന്ന ലാപ്‌ടോപ്പുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ അച്ചടക്കം വളരെ പ്രധാനപ്പെട്ട ഘടകമാണ്. അദ്ധ്യാപകരുടെ നന്മകൾ വിദ്യാർഥികൾ മാതൃകയാക്കണം. പൊതു വിദ്യാഭ്യാസ രംഗത്ത് ഇൻസ്‌പെയർ പെരുമ്പാവൂർ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ യു.പി വിഭാഗം വരെയുള്ള 63 വിദ്യാലയങ്ങൾക്ക് 129 ലാപ്‌ടോപ്പുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. സ്‌കൂൾ അധികൃതരും പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും ചേർന്ന് ലാപ്പ്‌ടോപ്പുകൾ ഏറ്റുവാങ്ങി. കഴിഞ്ഞവർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചു എൽ.പി വിഭാഗം വരെയുള്ള 41 സ്‌കൂളുകളിലെ ക്ലാസ് മുറികൾ ഹൈടെക് ആക്കുന്ന പദ്ധതി പൂർത്തീകരിച്ചതായി എം.എൽ.എ പറഞ്ഞു.