മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളിലായി തരിശുകിടക്കുന്ന 15 ഏക്കറോളം വരുന്ന മേക്കടമ്പ് പാടശേഖരത്തിൽ നെൽക്കൃഷിയിറക്കാനൊരുങ്ങുന്നു. പതിനേഴു വർഷത്തോളമായി തരിശായിക്കിടന്ന പാടശേഖരത്തിൽ വാളകം കൃഷി ഓഫീസർ വി.പി. സിന്ധുവിന്റെ മേൽനോട്ടത്തിൽ പ്രസാദ്, എം.എ. എൽദോസ്, ജെയിംസ് തുടങ്ങി ഒമ്പതുപേരുൾപ്പെടുന്ന കുന്നയ്ക്കാൽ അഗ്രി. ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നെൽകൃഷി ആരംഭിക്കുന്നത്.
കൃഷിഭവൻ മുഖേന വിവിധ പദ്ധതികളിലായി ജൈവവളം, രാസവളം, കുമ്മായം, തുടങ്ങിയവയും, തരിശു ക്യഷിക്കുള്ള പ്രത്യേക സാമ്പത്തിക ആനുകൂല്യവും ലഭ്യമാക്കും. പാടശേഖരത്തിലെ കളകളും മറ്റും നീക്കംചെയ്ത് നിലമൊരുക്കുന്നതിന് തുടക്കമായി. കുടുംബശ്രീ വനിതകൾ ഉൾപ്പെടെ മുന്നിട്ടിറങ്ങി വാളകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത് ഏക്കറോളം തരിശ് പാടങ്ങളാണ് വിവിധ മേഖലകളിൽ നെൽകൃഷിക്കായി ഒരുങ്ങുന്നത്.